രാജസ്ഥാനിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിൽ അസാധാരണ നടപടിയുമായി ഹൈക്കോടതി. ഇന്ന് വിധി പറയാനിരുന്ന കേസിൽ അപ്രതീക്ഷിതമായി സച്ചിൻ പൈലറ്റ് നടത്തിയ നീക്കം വിമത എംഎൽഎമാർക്ക് ജീവൻ നീട്ടി നൽകിയിരിക്കുകയാണ്.
കോൺഗ്രസിൽ നിന്നും പുറത്തുപോയ എംഎൽഎമാർക്കെതിരെ തത്ക്കാലം നടപടി പാടില്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി നിർദ്ദേശിച്ചു. സംസ്ഥാനത്ത് തൽസ്ഥിതി തുടരണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇതിനിടെ വിശ്വാസവോട്ട് തേടാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്നും അശോക് ഗെഹ്ലോട്ട് അവകാശപ്പെട്ടു.
ഇന്ന് വിധിവരാനിരിക്കെയാണ് കേസിൽ കേന്ദ്രസർക്കാരിനെ കക്ഷിചേർക്കണമെന്ന് സച്ചിൻ പൈലറ്റ് ആവശ്യപ്പെടുന്നത്. സച്ചിന്റെ ആവശ്യത്തെ കോടതി അംഗീകരിക്കുകയായിരുന്നു. കേസിൽ വിധിവരുന്നതിന് തൊട്ടുമുമ്പാണ് സച്ചിൻ ഇക്കാര്യമാവശ്യപ്പെട്ട് ഹർജി നൽകിയത്. വിധി പറയാനിരിക്കുന്ന കേസിൽ ഇത്തരത്തിലുളള നടപടി അസാധാരണമാണ്.
