രാജസ്ഥാനിൽ കോൺഗ്രസിനകത്ത് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി മുതലെടുക്കാൻ കഴിയാത്തതിൽ ബിജെപിക്കുള്ളിൽ അസംതൃപ്തി. മുഖ്യമന്ത്രി അശോക് ഗലോട്ടുമായി തെറ്റിപ്പിരിഞ്ഞ് സച്ചിൻ പൈലറ്റും എംഎൽഎമാരും കോൺഗ്രസിൽ നിന്നുതന്നെ വിട്ടുമാറിയിരുന്നു.
എന്നാൽ ഈ പ്രതിസന്ധി ഉപയോഗപ്പെടുത്താൻ ബിജെപി പക്ഷത്തിന് കഴിഞ്ഞില്ല. സച്ചിന്‍ പൈലറ്റിനെ ഒപ്പം ചേര്‍ത്ത് ഭരണം അട്ടിമറിക്കാന്‍ കളത്തിലിറങ്ങിയ ബിജെപി കേന്ദ്ര നേതൃത്വത്തിനു വിലങ്ങുതടിയായി നിന്നത് സ്വന്തം നേതാവ് വസുന്ധര രാജെ സിന്ധ്യയാണെന്നതും ഏറെ ശ്രദ്ധേയമാണ്.
തന്നെ ഒഴിവാക്കി കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനെ മുന്നില്‍ നിര്‍ത്തി ബിജെപി കേന്ദ്രനേതൃത്വം നടത്തിയ ചരടുവലികളാണ് വസുന്ധര സമര്‍ഥമായി തകര്‍ത്തുകളഞ്ഞത്. വസുന്ധരയെ വിശ്വാസത്തിലെടുക്കാതെ സംസ്ഥാനത്ത് ഒരു ചുവടു പോലും മുന്നോട്ടുവയ്ക്കാനാവില്ലെന്ന കൃത്യമായ സന്ദേശമാണ് ദേശീയനേതൃത്വത്തിനു ലഭിച്ചിരിക്കുന്നത്.
ഗെലോട്ട് സര്‍ക്കാരിനെ വീഴ്ത്താനുള്ള സാധ്യതകള്‍ മാര്‍ച്ചില്‍തന്നെ ബിജെപി തിരിച്ചറിഞ്ഞിരുന്നുവെന്നു മുതിര്‍ന്ന നേതാവ് പറഞ്ഞു. ഇതോടെ പൈലറ്റിന്റെ അസംതൃപ്തി പൂര്‍ണമായി മുതലെടക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞു. ഡല്‍ഹിയിലുള്ള ബിജെപിയുടെ പല നേതാക്കളും പൈലറ്റുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ബിജെപി നേതാവ് പറഞ്ഞു.
കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്ന് ആരോപിച്ച് രണ്ട് ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തതിനു പിന്നാലെ രാജസ്ഥാന്‍ പൊലീസിന്റെ സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് സച്ചിന്‍ പൈലറ്റിനു നോട്ടിസ് അയച്ചതോടെ അവസാനകളിക്ക് സമയമായെന്ന് ബിജെപി ഉറപ്പിച്ചു.
ഗെലോട്ട് സര്‍ക്കാര്‍ തന്നെ അപമാനിക്കുകയാണെന്ന് ആരോപിച്ച് സച്ചിന്‍ തനിക്കൊപ്പമുള്ള എംഎല്‍എമാരെ മനേസറിലെ ഹോട്ടലിലേക്കു മാറ്റി. ഗെലോട്ട് പക്ഷ എംഎല്‍എമാര്‍ ജയ്പുര്‍ ഹോട്ടലിലേക്കും മാറി. ഡല്‍ഹി-ജയ്പുര്‍ അതിര്‍ത്തി അടച്ച് ഹോട്ടലില്‍ ജാമറുകളും ഘടിപ്പിച്ചു.
ഇതോടെ പൈലറ്റിനും ബിജെപി നേതാക്കള്‍ക്കും കോണ്‍ഗ്രസ് എംഎല്‍എമാരെ ബന്ധപ്പെടാനുള്ള എല്ലാ വഴികളും അടയ്ക്കപ്പെട്ടു. സഭയില്‍ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ആര്‍ജിക്കാനുള്ള ബിജെപി തന്ത്രം പാളുകയായിരുന്നു. ഇതിനൊപ്പമാണ് വസുന്ധര രാജസിന്ധ്യ ഈ ഇടപെടലുകളോട് മുഖംതിരിച്ചത്.
സച്ചിൻ പൈലറ്റ് ബിജെപിയിലെത്തിയാൽ തൻ്റെ സ്ഥാനത്തിന് കോട്ടംതട്ടുമെന്ന ഭയത്താലാകാം വസുന്ധരയുടെ ഇടപെടലെന്നാണ് ബിജെപി വൃത്തങ്ങളിലെ സംസാരം. തനിക്ക് പരിചയമുള്ള കോൺഗ്രസ് എംഎൽഎമാരോട് ഗലോട്ടിനൊപ്പം നിൽക്കണമെന്ന ഉപദേശമാണ് വസുന്ധര നൽകിയത്.
