മുന്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരിയും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമ പൊലീസില്‍ കീഴടങ്ങി. നഗ്ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസിൽ സുപ്രീം കോടതി മുന്‍കൂര് ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിലാണ് കീഴടങ്ങല്‍. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.
ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് രഹ്ന നേരത്തെ അറിയിച്ചിരുന്നു. തുടര്‍ നിയമ നടപടികളോട് സഹകരിക്കുമെന്നും രഹ്ന ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
‘മുന്‍കൂര്‍ ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്ന് വൈകീട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകും. തുടര്‍ അന്വേഷണത്തോടും നിയമ നടപടികളോടും പൂര്‍ണമായും സഹകരിക്കും. സാമൂഹിക മാറ്റത്തിനും, ലിംഗ സമത്വത്തിനും, സ്ത്രീ ശരീരത്തെ അമിത ലൈംഗികവത്കരിക്കുന്നതിന് എതിരെയും പോരാടാന്‍ സപ്പോര്‍ട്ട് ചെയ്ത എല്ലാവരോടും സ്‌നേഹം. നമ്മള്‍ ആയിരുന്നു ശരിയെന്നു കാലം തെളിയിക്കട്ടെ’, എന്നായിരുന്നു രഹ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്.
നേരത്തെ ഹൈക്കോടതിയും രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. നഗ്‌ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചത് വീഡിയോ എടുത്ത് സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തത്.
