ലോക്ക്ഡൗണില്‍ ഇളവുവന്നതോടെ സംസ്ഥാനത്ത് ജില്ലകൾക്കുള്ളിൽ കെഎസ്ആർടിസി സര്‍വീസ് പുനരാരംഭിച്ചു. രണ്ട് മാസത്തിനടുത്ത ഇളവേളക്ക് ശേഷമാണ് സംസ്ഥാനത്ത് ബസുകൾ ഓടിത്തുടങ്ങിയത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് ഓർഡിനറി സർവീസ് നടത്തുന്നത്.
ജില്ലകൾക്കുള്ളിൽ മാത്രമാണ് സർവ്വീസ് നടത്തുന്നത്. ഒരു ബസിൽ മൊത്തം സീറ്റിന്‍റെ പകുതി യാത്രക്കാരെയാണ് അനുവദിക്കുന്നത്. 1850 ബസുകളാണ് ഇന്ന് മുതല്‍ സര്‍വീസ് നടത്തുന്നത്. യാത്രക്കാരുടെ ആവശ്യകത അനുസരിച്ചാകും സര്‍വീസ്. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്.
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വര്‍ദ്ധിപ്പിച്ച ചാര്‍ജാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കുക. തിരുവനന്തപുരത്ത് 499ഉം കൊല്ലത്ത് 208ഉം സര്‍വീസുകളുണ്ടാകും. നേരത്തെ 15 ലക്ഷം കിലോമീറ്ററാണ് പ്രതിദിനം കെ.എസ്.ആര്‍.ടി.സി ഓടിയിരുന്നത്. എന്നാല്‍ ഫാസ്റ്റ് പാസഞ്ചറും ദീര്‍ഘദൂര ബസ് സര്‍വീസുകളുമില്ലാത്തതിനാല്‍ ഇത് അഞ്ച് ലക്ഷമായി ചുരുങ്ങി.
പിന്‍വാതിലിലൂടെ യാത്രക്കാരെ ബസിനകത്തേക്ക് പ്രവേശിപ്പിക്കും. മുന്‍വാതിലിലൂടെയാണ് പുറത്തിറങ്ങേണ്ടത്. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ ശുചിയാക്കിയ ശേഷമേ ബസില്‍ പ്രവേശിക്കാകൂ. ചലോ കാര്‍ഡ് എന്ന പേരില്‍ തിരുവനന്തപുരം – ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര ഡിപ്പോകളില്‍ ക്യാഷ് ലെസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രിപെയ്ഡ് കാര്‍ഡ് വഴി യാത്രക്കാര്‍ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്.
40 ശതമാനം ആളുകളുമായി സര്‍വീസ് നടത്തുന്നത് ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ബസുകള്‍ സര്‍വ്വീസില്‍ നിന്ന് പിന്‍വാങ്ങിയത്.
