ബിഗ് ബോസ് ഷോയിൽ നിന്നും പുറത്തായ രജിത് കുമാറിന് ജാഗ്രത നിർദ്ദേശം ലംഘിച്ച് സ്വീകരണം നൽകിയ കേസിൽ വ്യാപക അറസ്റ്റ്. സംഭവത്തിൽ ഇതുവരെ 13 പേർ പോലീസ് പിടിയിലായി. കേസെടുത്ത ശേഷം രജിത് കുമാർ ഒളിവിൽ പോയി.
എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. മത്സരത്തിൽ നിന്ന് പുറത്തായ രജിത് കുമാറിന്റെ നിർദേശപ്രകാരമാണ് സ്വീകരണമൊരുക്കിയതെന്ന് പൊലീസ് പറഞ്ഞു.
രജിത്തിന്റെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ വിദ്യാർത്ഥികളാണ് സ്വീകരിക്കാനെത്തിയത്. വിദ്യാർത്ഥികൾ പരസ്പരം ബന്ധപ്പെട്ട് വിമാനത്താവളത്തിലേക്ക് എത്തുകയായിരുന്നു. കൊറോണ നിയന്ത്രണമുള്ളതിനാൽ ഒത്തുകൂടരുതെന്ന് നിർദേശിച്ചെങ്കിലും പാലിച്ചില്ല, പൊലീസ് പറഞ്ഞു.
രജിത് ആർമി എന്ന ഫാൻസ് അസോസിയേഷന്റെ പേരിലാണ് സ്വീകരണം സംഘടിപ്പിച്ചത്. വിമാനത്താവളത്തിലെ സിസിടിവവി ദൃശ്യങ്ങളും സ്വീകരണ ചടങ്ങുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള ഫോട്ടോ വിഡിയോ ദൃശ്യങ്ങളും പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
75ഓളം പേർക്കെതിരെ കേസെടുത്ത സംഭവത്തിൽ അൻപതോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനത്താവളത്തിന്റെ 500 മീറ്റർ ചുറ്റളവിൽ പ്രകടനവും മുദ്രാവാക്യം വിളിയും ഹൈക്കോടതി നേരത്തെ വിലക്കിയിട്ടുണ്ട്. കൊറോണ വൈറസ് ബാധയുടെ പശ്ചാതലത്തിൽ നിയന്ത്രണം കർക്കശമാക്കിയ സാഹചര്യത്തിലാണ് രജിത് ആരാധകർ തടിച്ചുകൂടിയത്.
