ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലോക്ക്ഡൗണ്‍ നിർദ്ദേശം ലംഘിച്ചത് വാർത്തയാക്കിയ ഓൺലൈൻ മാദ്ധ്യമത്തിനെതിരെ കേസ്. പ്രധാനമന്ത്രിയുടെ ലോക്ക്ഡൗണ്‍ പ്രഖ്യാപനം ലംഘിച്ച് അയോധ്യയില്‍ പൂജ നടത്തിയ യോഗിയുടെ നടപടി വെളിച്ചത്ത് കൊണ്ടുവന്നതിനാണ് കേസ്.
ദേശീയ ഓണ്‍ലൈന്‍ മാധ്യമമായ ‘ദി വയറി’ ആണ് യോഗിയുടെ ലോക്ക്ഡൗണ്‍ ലംഘനം പുറത്തുകൊണ്ടുവന്നത്. ഇതിനെതിരെയാണ് കോട്വാലി നഗര്‍ പോലിസ് കേസെടുത്തത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയോ വിദ്വേഷമോ സൃഷ്ടിക്കുകയോ പ്രോല്‍സാഹിപ്പിക്കുകയോ ചെയ്യുക(ഐപിസി 505-2), പൊതുപ്രവര്‍ത്തകര്‍ പാലിക്കേണ്ട ഉത്തരവിനു വിരുദ്ധമായി പ്രവര്‍ത്തിക്കുക(ഐപിസി-188) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
നിതീഷ് കുമാര്‍ ശ്രീവാസ്തവ് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കഴിഞ്ഞ മാര്‍ച്ച് 25ന് നടന്ന രാമനവമി ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ഇതുസംബന്ധിച്ച് മാര്‍ച്ച് 31ന് ‘ദി വയര്‍’ നല്‍കിയ വാർത്തയാണ് കേസിന് ആധാരം.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ ആദ്യഘട്ടമെന്നായിരുന്നു യോഗിയുടെ പൂജയെ വിശേഷിപ്പിച്ചിരുന്നത്. അയോധ്യയിലെ ജില്ലാ മജിസ്‌ട്രേറ്റും പോലിസ് മേധാവിയും പ്രമുഖ സന്യാസിമാരുമുള്‍പ്പെടെ 20ഓളം പേരാണ് പൂജയില്‍ പങ്കെടുത്തത്. ലോക്ക് ഡൗണ്‍ ലംഘിച്ചതിനൊപ്പം നിയന്ത്രണങ്ങള്‍ പോലും പാലിക്കാതെയായിരുന്നു പൂജ.
ഡല്‍ഹിയിലെ തബ് ലീഗ് ആഗോള ആസ്ഥാനമായ നിസാമുദ്ദീന്‍ മര്‍കസിലെ മതചടങ്ങില്‍ പങ്കെടുത്തവർക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ഇവർക്കെതിരെ നടപടി സ്വീകരിക്കുകയും സ്ഥാപനം അടച്ച് പൂട്ടുകയും ചെയ്തിരുന്നു. എന്നാല്‍, യോഗിയുടെ പൂജയ്‌ക്കെതിരേ നടപടിയെടുക്കാതെ സംഭവത്തെ കുറിച്ച് റിപോര്‍ട്ട് ചെയ്ത പത്രത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മാദ്ധ്യമ സ്വാതന്ത്യത്തിനെതിരായ വെല്ലുവിളിയാണിത്.
