യെസ് ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് ഉന്നതർ കുടുങ്ങുമെന്ന് റിപ്പോർട്ട്. റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് ഇഡി നോട്ടീസ് നൽകി. സീഗ്രൂപ്പ് ചെയര്‍മാന്‍ സുഭാഷ് ചന്ദ്ര, ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയല്‍, അവാന്ത ഗ്രൂപ്പിന്റെ ഗൗതം ഥാപര്‍ തുടങ്ങിയ വ്യവസായികളെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്
യെസ് ബാങ്കിൽ നിന്ന് റിലയൻസ് ഗ്രൂപ്പ് എടുത്ത വായ്പ സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിനായി അനിൽ അംബാനിയെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ആരോഗ്യപരമായ കാരണങ്ങളാൽ ഹാജരാകുന്നതിന് തനിക്ക് കൂടുതൽ സമയം വേണമെന്ന് അനിൽ അംബാനി അന്വേഷണ ഏജൻസിയോട് ആവശ്യപ്പെട്ടു.
റിലയൻസ് ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും ഉടൻ ചോദ്യം ചെയ്‌തേക്കും. യെസ് ബാങ്കിൽ നിന്ന് വായ്പയെടുത്ത വൻകിട കമ്പനികളിലൊന്നാണ് റിലയൻസ് ഗ്രൂപ്പ്. 12800 കോടി രൂപയുടെ വായ്പ റിലയൻസ് യെസ് ബാങ്കിൽ നിന്ന് എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. റിലയൻസിനെ കൂടാതെ എസെൽ, ഐ.എൽ.എഫ്.എസ്, ഡി.എച്ച്.എഫ്.എ വോഡഫോൺ എന്നീ കമ്പനികളും അന്വേഷണ പരിധിയിലാണ്.
അതേസമയം, യെസ് ബാങ്കിന് പ്രഖ്യാപിച്ച മൊറട്ടോറിയം മാര്‍ച്ച് 18ന് ഒഴിവാക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ബാങ്കില്‍ നിക്ഷേപിച്ചവരുടെ പണം സുരക്ഷിതമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. യെസ് ബാങ്കിന്റെ പ്രതിസന്ധി ഉടന്‍ പരിഹരിക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാരും കേന്ദ്ര ബാങ്കും എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
