ഉത്തര്‍പ്രദേശില്‍ പതിനേഴുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ബല്ലിയ ജില്ലയിലെ റാസ്ദയിൽ ബുധനാഴ്ചയാണ് ക്രൂരകൃത്യം അരങ്ങേറിയതെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടി മുത്തശ്ശിയെ കാണാനായി മൗവിൽ നിന്ന് റാസ്ദ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം.പെൺകുട്ടിയെ ഓട്ടോയിൽ കയറ്റിയ സംഘം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് ഇവർ കടന്നുകളയുകയും ചെയ്തു. 25നും 35നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികളെന്ന് എ എസ് പി പറഞ്ഞു.പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും നാലുപേരെയും അറസ്റ്റ് ചെയ്തതായും പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണെന്നും എഎസ്പി കൂട്ടിച്ചേർത്തു.
