തിരുവനനന്തപുരം കണിയാപുരത്ത് യുവതിയെ മദ്യം കുടിപ്പിച്ചശേഷം കൂട്ടബലാത്സംഗം ചെയ്തു. ഇരയായ യുവതിയുടെ ഭർത്താവ് അടക്കം ഏഴ് പേർ പൊലീസ് കസ്റ്റഡിയിൽ. യുവതിയുടെ മൊഴിയെടുത്തതിനു പിന്നാലെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
യുവതിയുടെ ഭർത്താവും ഇയാളുടെ മറ്റ് സുഹൃത്തുക്കളുമാണ് പിടിയിലായത്. ആശുപത്രിയിൽ കഴിയുന്ന വീട്ടമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചു. പ്രായപൂര്‍ത്തിയാക്കാത്ത മകന്റെ മുന്നില്‍ വച്ച് യുവതിയെ ബലാത്സംഗം ചെയ്തതിനും കൂട്ടിയെ ഉപദ്രവിക്കുകയും ചെയ്തതിന് പോക്‌സോ ചുമത്തിയിട്ടുണ്ട്.
ഭർത്താവ് തനിക്ക് നിർബന്ധിച്ച് മദ്യം നൽകിയതായി യുവതി മൊഴി നൽകിയിട്ടുണ്ട്. ഇതിന് ശേഷം ഭർത്താവും സുഹൃത്തുക്കളുമായി വാക്കുതർക്കം ഉണ്ടായെന്നും പിന്നീട് ഭർത്താവ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയെന്നുമാണ് വിവരം. പിന്നീടാണ് ബലാത്സംഗം നടന്നത്.
ആക്രമണത്തിനിടെ വീട്ടില്‍നിന്ന് ഇറങ്ങിയോടിയ യുവതി ഒരു വാഹനത്തിന് കൈകാണിച്ചതോടെ നാട്ടുകാർ പ്രശ്‌നത്തിൽ ഇടപെടുകയും അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. യുവതി അതി ക്രൂരമായ ആക്രമണത്തിന് ഇരയായതായി ആശുപത്രി അധികൃതർ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു. യുവതി അബോധാവസ്ഥയിൽ തുടരുകയാണ്.
