
പെരുമ്പാവൂര്‍ നഗരമധ്യത്തില്‍ യുവതിയുടെ കൊലപാതകം ക്രൂരമായ ബലാത്സംഗത്തിന് ശേഷമെന്ന് പൊലീസ്. ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് സ്ത്രീയെ വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം പ്രതി 9 തവണ പിക്കാസ്കൊണ്ട് തലയ്ക്കടിച്ചു. തുടര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു. അസം സ്വദേശിയായ പ്രതി ഉമര്‍ അലി ക്രൂരമായി കൊല നടത്തുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. മൃതദേഹം കിടന്നിരുന്ന സ്ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കൊലപാതകം നടന്നിരിക്കുന്നത് ക്രൂര ബലാത്സംഗത്തിന് ശേഷമാണെന്ന് പൊലീസിന് മനസിലാക്കാന്‍ കഴിഞ്ഞത്. ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് വലിച്ച് കൊണ്ടുപോയ ശേഷം കൈയില്‍ കരുതിയിരുന്ന പിക്കാസ്കൊണ്ട് പ്രതി 9 തവണ യുവതിയുടെ തലയ്ക്കടിച്ചു. ബോധം നഷ്ടപ്പെട്ടതോടേ ഇയാള്‍ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരന്നു.
കൊലപാതകത്തിന് ശേഷം സിസിടിവി ക്യാമറ ശ്രദ്ധയില്‍പ്പെട്ടതോടെ കൊലയാളി ഈ ക്യാമറയും തല്ലിപ്പൊളിച്ചു. ഇന്ന് രാവിലെ ഹോട്ടല്‍ തുറക്കാനെത്തിയ ജീവനക്കാര്‍ മൃതദേഹം കണ്ട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതര സംസ്ഥാന തൊഴിലാളിയായ ഉമര്‍ അലിയാണ് പ്രതിയെന്ന് വ്യക്തമായത്. പെരുമ്പാവൂര്‍ തുരുത്തി സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ കുറേ നാളുകളായി കുടുംബവുമായി യുവതിക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.