യുഎഇ കോൺസുലെറ്റിലേക്കുള്ള ബാഗിൽ സ്വർണ്ണ കടത്ത്; മുഖ്യ ആസൂത്രക മുൻ കോൺസുലേറ്റ് ജീവനക്കാരി

തിരുവനന്തപുരത്ത് യുഎഇ കോൺസുലെറ്റിലേക്കുള്ള ബാഗിന്റെ മറവിൽ വൻ സ്വർണ്ണ കടത്ത്. കമ്മീഷൻ ഇടപാടിൽ സ്വർണം കടത്തി നൽകിയതായി പിടിയിലായ കോൺസുലേറ്റ് മുൻ പിആർഒ സരിത്ത് സമ്മതിച്ചു. കോവിഡ് കാലത്ത് മൂന്ന് തവണ ഉൾപ്പെടെ എട്ട് പ്രാവശ്യം ഡിപ്ളോമാറ്റിക് ബാഗേജിലൂടെ ഇവർ സ്വർണം കടത്തിയതായി സൂചന.

സംഭവത്തിലെ മുഖ്യ ആസൂത്രകയെന്നു പോലീസ് കരുതുന്ന യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരി സ്വപ്ന സുരേഷിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. യു.എ.ഇ. കോൺസുലേറ്റിൽ എക്സിക്യുട്ടീവ് സെക്രട്ടറിയായിരുന്ന സ്വപ്ന നിലവിൽ ഒളിവിലാണ്. ഇവരെ കണ്ടെത്താനായി കസ്റ്റംസ് സംഘം അന്വേഷണം ഊർജിതമാക്കി. സ്വപ്നയും നിലവിൽ കസ്റ്റഡിയിലുള്ള സരിത്തും ചേർന്നാണ് സ്വർണക്കടത്തിന് ചുക്കാൻ പിടിച്ചിരുന്നത്.

ഒരു ഇടപാടിൽ ഇവർക്ക് 25 ലക്ഷം രൂപ വരെ ലഭിച്ചിരുന്നതായാണ് വിവരം. നേരത്തെ പലതവണ ഇത്തരത്തിൽ ഇരുവരും ചേർന്ന് സ്വർണം കടത്തിയതായും സൂചനയുണ്ട്. തിരുവനന്തപുരം യു.എ.ഇ. കോൺസുലേറ്റിലെ മുൻ ജീവനക്കാരിയായ സ്വപ്ന നിലവിൽ സംസ്ഥാന ഐ.ടി. വകുപ്പിന് കീഴിലെ കെ.എസ്.ഐ.ടിയിലാണ് ജോലിചെയ്യുന്നത്. ഓപ്പറേഷണൽ മാനേജർ എന്നതാണ് പദവി.

കഴിഞ്ഞ ദിവസമാണ് യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽനിന്ന് 30 കിലോ സ്വർണം പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിലാണ്  ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് കോൺസുലേറ്റിലെ പി.ആർ.ഒ. എന്നറിയപ്പെട്ടിരുന്ന സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.

സരിത് യു.എ.ഇ. കോൺസുലേറ്റിലെ ജീവനക്കാരനല്ലെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. നേരത്തെ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന സരിത്തിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിനുശേഷവും കോൺസുലേറ്റിലെ ജീവനക്കാരനായാണ് ഇയാൾ ആളുകളെ ബന്ധപ്പെട്ടിരുന്നത്. യു.എ.ഇ. കോൺസുലേറ്റിന്റെ പേരിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പല ബാഗേജുകളും സരിത് കൈപ്പറ്റിയിരുന്നതായാണ് വിവരം.

Vinkmag ad

Read Previous

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Read Next

സ്വർണ്ണക്കടത്ത് കേസിൽ ഐടി സെക്രട്ടറി പുറത്താകും; സൂത്രധാര സ്വപ്നയുമായുള്ള ബന്ധം പുറത്ത്

Leave a Reply

Most Popular