തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിൽ യുഎഇ കോണ്‍സുലേറ്റിലെ ഉന്നതന്‍റെ പങ്ക് വ്യക്തമാകുന്നു. ഒരു ഉന്നത ഉദ്യോഗസ്ഥൻ്റെ അറിവോടെയാണ് സ്വർണ്ണക്കടത്ത് നടന്നതെന്ന് വിവരം. ഈ ഉദ്യോഗസ്ഥനെതിരെ യുഎഇ നടപടി സ്വീകരിച്ചേക്കുമെന്നാണ് സൂചനകള്‍.
ഡിപ്ലോമാറ്റിക് ചാനൽ വഴി നടക്കുന്ന സ്വർണക്കടത്തിനെ കുറിച്ച് ഈ ഉദ്യോഗസ്ഥന് അറിവുണ്ടായിരുന്നുവെന്ന് കസ്റ്റംസിന് വിവരം ലഭിച്ചു. ഈ ഉദ്യോഗസ്ഥനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനാണ് തീരുമാനം. ഇതിനുള്ള നയതന്ത്ര ഇടപെടലുകൾ പുരോഗമിക്കുകയാണ്.
സ്വപ്ന സുരേഷും സരിത് കുമാറും സന്ദീപ് നായരും സ്വര്‍ണക്കടത്തിലെ കണ്ണികള്‍ മാത്രമാണെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തല്‍. ഡിപ്ലോമാറ്റിക് ചാനല്‍ വഴി നടക്കുന്ന സ്വര്‍ണക്കടത്തിനെ കുറിച്ച് യുഎഇ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന് വ്യക്തമായ അറിവുണ്ടായിരുന്നു. പിടിക്കപ്പെടാതിരിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ബാഗ് തിരിച്ചയക്കാന്‍ ഇയാൾ ശ്രമം നടത്തിയത്.
ഈ ഉദ്യോഗസ്ഥന്‍റെ പേരിലുള്ള ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം അയക്കുന്നത് യുഎഇ മലയാളിയായ അബ്ദുള്‍ ഫാസിലാണ്. ഇത് കൈപ്പറ്റി കസ്റ്റംസ് പരിശോധനകള്‍ ഒഴിവാക്കി വിമാനത്താവളത്തിന് പുറത്ത് എത്തിക്കേണ്ട ചുമതലയാണ് സരിതിനും സ്വപ്നയ്ക്കുമുള്ളത്. വിമാനത്താവളത്തിന് പുറത്തു കടത്തുന്ന സ്വര്‍ണം ഇവര്‍ സന്ദീപിനു കൈമാറും.
സന്ദീപാണ് സ്വര്‍ണം ഫൈസല്‍ ഫരീദിന് എത്തിക്കുന്നത്. എന്നാല്‍ ആര്‍ക്ക് വേണ്ടിയാണ് ഫൈസല്‍ സ്വര്‍ണം വാങ്ങുന്നതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം സരിത് കസ്റ്റംസിനോട് വെളിപ്പെടുത്തിയിട്ടില്ല. സ്വപ്നയെയും ഫൈസലിനെയും പിടികൂടുന്നതോടെ ഇതില്‍ വ്യക്തത വരുമെന്നാണ് കരുതുന്നത്. വര്‍ഷങ്ങളായി ഇവര്‍ കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്നുവെന്നാണ് സരിതിനെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായത്. എത്രതവണ സ്വര്‍ണം കടത്തിയെന്ന് പറയാന്‍ പോലും സരിത്തിന് കഴിയുന്നില്ല.
