യദിയൂരപ്പ സർക്കാർ തമ്മിൽ തല്ലി ഇല്ലാതാകുന്നു; കൂറ്മാറി എത്തിയവരും പാർട്ടി നേതാക്കളും രണ്ടുവഴിക്ക്

കര്‍ണാടകയില്‍ യെദിയൂരപ്പ സര്‍ക്കാരിന് ഒരുതരത്തിലും നിലനില്‍പ്പില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. സഖ്യസര്‍ക്കാറിനെ വീഴ്ത്തി അധികാരത്തിലേറിയ യെദിയൂരപ്പ സര്‍ക്കാറിന് മുന്നില്‍ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞു നിന്ന സമയമില്ല. ഒന്ന് പരിഹരിക്കുന്നതിന് മുന്‍പേ മറ്റൊന്ന് എന്ന രീതിയില്‍ പ്രശ്‌നങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു വരികയാണ്. കോണ്‍ഗ്രസ് ജെഡിഎസ് പാര്‍ട്ടികളില്‍ നിന്നും കൂറുമാറിയെത്തിയവര്‍ക്ക് മന്ത്രിസ്ഥാനമടക്കം വാഗ്ദാനം നല്‍കിയാണ് സര്‍ക്കാര്‍ അധികാരത്തിലേറിയത്.

എന്നാലിപ്പോള്‍, ആലിന്‍കാ പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കൂറിമാറിയെത്തിയവരെ തൃപ്തിപ്പെടുത്തുമ്പോള്‍ സ്വന്തം പാര്‍ട്ടി നേതാക്കളെ യെദിയൂരപ്പ മറന്നു പോകുകയാണെന്ന വിമര്‍ശനം ശക്തമാണ്. അതിനിടെ ഇപ്പോഴിതാ ഗുല്‍ബര്‍ഗയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ദത്താത്രേയ സി. പാട്ടീല്‍ രേവൂറിനെ മന്ത്രിയാക്കണമെന്ന ഭീഷണി ലിംഗായത്ത് സമുദായത്തില്‍ നിന്ന് യെദിയൂരപ്പക്കു നേരെ ഉയര്‍ന്നു കഴിഞ്ഞു.

കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും കൂറുമാറിയെത്തിയവര്‍ക്ക് മന്ത്രി സ്ഥാനം നല്‍കുന്നതായിരുന്നു യെഡിയൂരപ്പ നേരത്തെ നേരിട്ടിരുന്ന പ്രധാന പ്രശ്‌നം. 11 ല്‍ 10 പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ശേഷിക്കുന്ന മഹേഷ് കുമത്തല്ലിയും പാര്‍ട്ടിയില്‍ ആദ്യമേ ഉള്ള നേതാക്കളും അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് രംഗത്ത് വന്നു. ഈ പ്രശ്‌നം ഒരുവിധം പരിഹരിച്ച് വരുന്നതിന് മുമ്പാണ് മന്ത്രിസ്ഥാനം കിട്ടിയവര്‍ വകുപ്പ് വിഭജനത്തിന്റെ പേരില്‍ പുതിയ തര്‍ക്കങ്ങള്‍ക്ക് രൂപം കൊടുത്തത്. അതും ഒരുവിധം പരിഹരിച്ച് അധികമാകും മുന്‍പേയിതാ അടുത്ത പ്രശ്നം എത്തിയിരിക്കുകയാണ്.

കൂറുമാറിയെത്തി മഹേഷ് കുമത്തല്ലിക്ക് മന്ത്രിസ്ഥാനം നല്‍കണമെന്ന ആവശ്യത്തില്‍ രമേഷ് ജാര്‍ക്കിഹോളി ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. മൈസൂര്‍ സൈയില്‍ ഇന്റനാഷണല്‍ ലിമിറ്റഡിന്റെ ചെയര്‍മാന്‍ സ്ഥാനം നല്‍കിയെങ്കിലും മഹേഷ് കുമത്തല്ലി ഇത് നിരസിച്ചിരുന്നു. മഹേഷ് കുമത്തല്ലിയെ മന്ത്രിയാക്കിയില്ലെങ്കില്‍ മന്ത്രിസ്ഥാനവും എംഎല്‍എ പദവിയും രാജിവയ്ക്കുമെന്ന് രമേഷ് ജാര്‍ക്കിഹോളി കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ബിജെപിയെ അധികാരത്തില്‍ എത്തിച്ചതില്‍ മഹേഷ് കുമത്തല്ലിക്കും വലിയ പങ്കുണ്ടെന്നും അദ്ദേഹത്തോടുള്ള അനീതി അംഗീകരിക്കാനാകില്ലെന്നുമാണ് രമേഷ് ജാര്‍ക്കിഹോളി വാദിക്കുന്നത്.

രണ്ടാംഘട്ട മന്ത്രിസഭ വികസനത്തില്‍ ഉള്‍പ്പെടുത്താത്തില്‍ പ്രതിഷേധിച്ച് യെഡിയൂരപ്പക്കെതിരെ നേരത്തെ ഉമേഷ് കട്ടി, നാവല്‍ഗുണ്ട എംഎല്‍എ ശങ്കര്‍ പാട്ടീല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം എംഎല്‍എമാര്‍ നേരത്തെ യോഗം ചേര്‍ന്നിരുന്നു. ഉമേഷ് കട്ടിയെ മന്ത്രിയാക്കുമെന്ന് മുഖ്യമന്ത്രി യെഡിരൂപ്പ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇവര്‍ക്ക് പുറമെ അരവിന്ദ ലിംബാവലി, സി.പി യോഗേശ്വര്‍ എന്നിവര്‍ക്കും മന്ത്രിസ്ഥാനം നല്‍കുമെന്ന് നേരത്തെ വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍ മറ്റുള്ളവരും മന്ത്രിസ്ഥാനത്തിനായി അവകാശ വാദം ഉന്നയിച്ച് രംഗത്ത് വന്നതോടെ കൂറുമാറി എത്തിയവരെ മാത്രം ഉള്‍പ്പെടുത്തി യെഡിയൂരപ്പ മന്ത്രിസഭ വികസിപ്പിക്കുകയായിരുന്നു. ഇതോടെ ബിജെപി നേതാക്കള്‍ സര്‍ക്കാരിനെതിരേ രംഗത്തു വന്നു.

ഇതൊന്നും പോരാതെയിപ്പോള്‍ ജില്ലകളുടെ ചുമതലയുടെ പേരില്‍ മന്ത്രിമാര്‍ യെഡിയൂരപ്പക്ക് മുന്നില്‍ സമ്മര്‍ദ്ദവുമായി എത്തിയിരിക്കുകയുമാണ്. പുതുതായി അധികാരമേറ്റ മന്ത്രിമാര്‍ അവരുടെ ഇഷ്ടാനുസരമുള്ള ജില്ലകളുടെ ചുമതല ആവശ്യപ്പെട്ടതോടെ മുഖ്യമന്ത്രി യെഡിയൂരപ്പ വീണ്ടും വെട്ടിലായി. ആദ്യഘട്ടത്തില്‍ മന്ത്രിസഭയില്‍ അംഗങ്ങളായ 17 മന്ത്രിമാരില്‍ 12 പേര്‍ക്ക് രണ്ട് ജില്ലകളുടെ വീതം ചുമതലയുണ്ട്. അശ്വന്ത് നാരായണ്‍, ലക്ഷ്മണ്‍ സാവദി, ഗോവിന്ദ് കാര്‍ജോള്‍, ജഗദീഷ് ഷെട്ടാര്‍, ഈശ്വരപ്പ, ബസവരാജ് ബൊമ്മയ്, ആര്‍ അശോക്, ജെസി മധുസ്വാമി, സിസി പാട്ടില്‍, ബി ശ്രീരാമലു, വി സോമണ്ണ, പ്രഭു ചൗഹാന്‍ എന്നിവര്‍ക്കാണ് രണ്ട് ജില്ലകളുടെ ചുമതലയുള്ളത്. ഇത് കൂടി പരിഗണനയിലെടുത്താണ് പുതിയ മന്ത്രിമാര്‍ സ്വന്തം ജില്ലകളുടെ ചുമതലയ്ക്കായുള്ള നീക്കം നടത്തുന്നത്.

ഇതിനെതിരെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ കൂടിയായ മന്ത്രിമാര്‍ ചോദ്യം ചെയ്തതാണു യെഡിയൂരപ്പയെ വലയ്ക്കുന്നത്. എന്തുവന്നാലും ജില്ലകളുടെ ചുമതല വിട്ടുനല്‍കാന്‍ തയ്യാറില്ലെന്നാണ് ഈ മന്ത്രിമാരുടെ നിലപാട്. തലസ്ഥാനമായ ബെംഗളൂരുവിനോട് ചേര്‍ന്നുള്ള ജില്ലകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും. ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന് ചുമതലയുള്ള രാമനഗര, ചിക്കബല്ലൂപര്‍ ജില്ലകളുടെ ചുമതലയ്ക്കായി നിരവധി പേരാണ് രംഗത്തുള്ളത്. അശോകിന് ചുമതലയുള്ള മാണ്ഡ്യ, ബെംഗളൂരു റൂറല്‍ ജില്ലകള്‍ക്കായി മൂന്നിലേറെ മന്ത്രിമാരാണ് അവകാശവാദം ഉന്നയിക്കുന്നത്.

മാണ്ഡ്യയില്‍ നിന്നുള്ള അംഗമാണ് പുതുതായി മന്ത്രിസഭയില്‍ ചേര്‍ന്ന നാരായണ ഗൗഡ. മാണ്ഡ്യക്കായി അദ്ദേഹം ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് സൂചന. പുതിയ മന്ത്രിമാരുടെ ഈ ആവശ്യം നിറവേറ്റണമെങ്കില്‍ അശോകിനും അശ്വന്ത് നാരായണിനും രണ്ടില്‍ ഏതെങ്കിലും ഒരു ജില്ലയുടെ ചുമതല ഉപേക്ഷിക്കേണ്ടി വരും. ലക്ഷ്ണണ്‍ സാവദിയുടെ കയ്യിലുള്ള ബല്ലാരിക്കായി നോട്ടമിട്ടിരിക്കുന്നത് ആനന്ദ് സിംഗാണ്. ബെളഗാവി ജില്ലയ്ക്കായി രംഗത്തുള്ള രമേശ് ജാര്‍ക്കിഹോളി, ഒപ്പം തന്റെ കൂട്ടാളിയായ ശ്രീമന്ത് പാട്ടീലിന് യാദഗിരി അല്ലെങ്കില്‍ വിജയപുര ജില്ലകളുടെ ചുമതല നേടികൊടുക്കാനും ശ്രമിക്കുന്നുണ്ട്.

ഉഡുപ്പി, ഹവേരി ജില്ലകളുടെ ചുമതലയാണ് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ്ക്കുള്ളത്. ഹവേരില്‍ ബസവരാജിന്റെ സ്വന്തം ജില്ലയാണെങ്കിലും പുതുതായി നിയമിതനായ ബി.സി പാട്ടീല്‍ ഹവേരിയുടെ ചുമതലയ്ക്കായി രംഗത്തുണ്ട്. ഏതൊക്കെ മന്ത്രിമാര്‍ക്ക് ഏതൊക്കെ ജില്ലകളുടെ ചുമതല നഷ്ടപ്പെടുമെന്നത് അടുത്ത ദിവസം തന്നെ അറിയാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്ന കാര്യം ബിജെപി കര്‍ണാടകയില്‍ തമ്മില്‍ത്തല്ലി ഇല്ലാതാവുന്നു എന്നു തന്നെയാണ്. അതിന് ഇനി അധികസമയമില്ലെന്നു വ്യക്തമാക്കുന്നതാണ് പാർട്ടിക്ക് പുറത്തുനിന്നുള്ളവരുടെ സമ്മർദ്ദം.

Vinkmag ad

Read Previous

മുസ്ലീം യൂത്ത് ലീഗിൻ്റെ പരിപാടിയിൽ നിന്നും രാഹുലിനെ ഒരു വിഭാഗം നേതാക്കൾ തടഞ്ഞു; പരിപാടിയിൽ പങ്കെടുക്കാതെ രാഹുൽ മടങ്ങി

Read Next

ചന്ദ്രശേഖർ ആസാദിനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തു; ലക്‌നൗവിൽ വീട്ടുതടങ്കലിലാക്കി

Leave a Reply

Most Popular