നിരോധിച്ച ചൈനീസ് ആപ്പ് ആശയവിനിമയത്തിനായി ഉപയോഗിച്ച ബിജെപി നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര കോൺഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത്. ബിജെപി പുറത്തിറക്കിയ ഒരു പത്രക്കുറിൻ്റെ ചിത്രത്തിലാണ് നിരോധിച്ച ആപ്പിൻ്റെ ഉപയോഗം കണ്ടെത്തിയത്. ഈ ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചുകൊണ്ടാണ് സച്ചിന്റെ ആരോപണം.
നിരോധിച്ച 59 ചൈനീസ് ആപ്പുകളുടെ പട്ടികയില്‍പെട്ട കാം സ്‌കാനര്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത പത്രക്കുറിപ്പിന്റെ ചിത്രമാണ് സച്ചിന്‍ പങ്കുവെച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ഒബിസി മോര്‍ച്ചയില്‍ പ്രവര്‍ത്തകരെ നിയമിച്ചുകൊണ്ടുളള ഒരു പത്രക്കുറിപ്പ് ബിജെപി തിങ്കളാഴ്ച പുറത്തിറക്കിയിരുന്നു. ഇത് കാം സ്‌കാനര്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്തതാണെന്നാണ് സച്ചിന്റെ ആരോപണം.
‘കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ആപ്പ് ബിജെപി പരസ്യമായി ഉപയോഗിക്കുന്നുണ്ടെന്നുളളത് ലജ്ജാവഹവും ദുഃഖകരവുമാണ്. ബിജെപി ഇപ്പോഴും ചൈനയുമായി സ്‌നേഹത്തിലാണെന്നാണ് ഇത് കാണിക്കുന്നത്. ചൈനീസ് ആപ്പ് നിരോധിക്കാനുളള മോദി സര്‍ക്കാരിന്റെ നടപടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുളള ഒരു അസംബന്ധം മാത്രമായിരുന്നു.’ സാവന്ത് പറയുന്നു.
