മോദി സർക്കാരിൻ്റെ 69 ലക്ഷം തൊഴിലവസരം; ജോലി ട്രംപിനെ നോക്കി കൈവീശൽ; പ്രതിഫലമായി അച്ഛാ ദിൻ

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇന്ത്യ സന്ദർശനം മോദി സർക്കാരിനെ അടിക്കാനുള്ള നല്ല വടിയാക്കി മാറ്റിയിരിക്കുകയാണ് പ്രതിപക്ഷം. മതില് കെട്ടി ഗുജറാത്തിലെ ദാരിദ്ര്യം മറയ്ക്കാനുള്ള ശ്രമം ഉൾപ്പെടെ സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാർ കൈക്കൊണ്ട പല നടപടികളും വിമർശനം ഏറ്റുവാങ്ങുകയാണ്.

ട്രംപിനെ സ്വീകരിക്കാൻ എഴുപത് ലക്ഷം പേർ അണിനിരക്കും എന്ന് മോദി അദ്ദേഹത്തിന് വാക്കുനൽകിയിട്ടുണ്ട് എന്ന വാർത്തയാണ് ഇപ്പോൾ കൂടുതൽ പരിഹാസ വിധേയമാകുന്നത്. ട്രംപ് തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്. ഇതിനെ കളിയാക്കിക്കൊണ്ട് കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസിന്റെ പരിഹാസം.

തിങ്കളാഴ്ചയാണ് ട്രംപ് അഹമ്മദാബാദിലെത്തുന്നത്. വിമാനത്താവളത്തില്‍നിന്ന് റോഡ് ഷോ ആയാണ് ട്രംപിനെ മോട്ടേര സ്‌റ്റേഡിയത്തിലേക്ക് എത്തിക്കുന്നത്. ഇവിടെയാണ് തന്ന സ്വീകരിക്കാൻ എഴുപതുലക്ഷം ആളുകള്‍ എത്തിച്ചേരുമെന്ന് മോദി പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടിരുന്നത്. ഇതിനെയാണ് കോൺഗ്രസ് പരിഹസിക്കുന്നത്.

‘മോദിജി വാഗ്ദാനം ചെയ്ത 2 കോടി തൊഴിലവസരങ്ങളില്‍ 69 ലക്ഷം അവസരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ…വേഗം..!’ എന്നാണ് കോണ്‍ഗ്രസിന്റെ ട്വീറ്റ്. ഇതോടൊപ്പം ഒരു പോസ്റ്ററും നല്‍കിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപ് നാഗരിക് അഭിനന്ദന്‍ സമിതി ജോലിക്ക് ആളുകളെ തേടുന്നു എന്നാണ് പോസ്റ്ററിന്റെ തലക്കെട്ട്. ജോലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നോക്കി കൈവീശുക. ഒഴിവുകള്‍: 69ലക്ഷം, പ്രതിഫലം: അച്ഛാദിന്‍ ഇങ്ങനെയാണ് കോൺഗ്രസ് പരിഹസിക്കുന്നത്.

പൊങ്ങച്ചത്തിനും മണ്ടത്തരത്തിനും ഒപ്പത്തിനൊപ്പം നിൽക്കുന്ന ലോകനേതാക്കളായാണ് മോദിയെയും ട്രംപിനെയും വിമർശകർ വിലയിരുത്തുന്നത്. തങ്ങളുടെ വീരസാഹസിക കഥകൾ പറയുക ജനങ്ങളെ ആഴത്തിൽ ബാധിക്കുന്ന മണ്ടൻ തീരുമാനങ്ങൾ ഒരു മുന്നൊരുക്കവുമില്ലാതെ നടപ്പിലാക്കുക എന്നിവയാണ് ഇരു നേതാക്കന്മാരെയും കൂട്ടിയിണക്കുന്ന ഘടകങ്ങൾ.

Vinkmag ad

Read Previous

ഇനി തല്‍ക്കാലം പൗരത്വനിയമം മിണ്ടേണ്ടെന്ന് ആര്‍എസ്എസ്; ബിഹാര്‍ തിരഞ്ഞെടുപ്പ് നേരിടാന്‍ പുതിയ തന്ത്രം !

Read Next

മോദി സർക്കാരിനെ വിമർശിക്കുന്ന പ്രമേയം പാസാക്കി മിസോറാം; ബിജെപി സഖ്യകക്ഷിയുടെ പിന്തുണ കോൺഗ്രസിന്

Leave a Reply

Most Popular