കോവിഡ് 19 നെ ചെറുക്കാനായി രാജ്യത്ത് നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ ഉപയോഗപ്പെട്ടില്ലെന്നതിന് തെളിവുമായി രാഹുൽ ഗാന്ധി. മറ്റു രാജ്യങ്ങളിൽ നടപ്പിലാക്കിയ ലോക്ക്ഡൗണിൻ്റെ ഭാഗമായുള്ള കോവിഡ് വ്യാപന ചാർട്ടാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്.
സ്പെയ്ൻ, ജർമ്മനി, ഇറ്റലി, യുകെ എന്നീ രാജ്യങ്ങളിലെ ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ ചാർട്ടിൽ അവിടെ കോവിഡ് നടപ്പിലാക്കിയ ദിനങ്ങൾ അടയാളപ്പെടുത്തിയാണ് രാഹുൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ ചാർട്ടും ചേർത്തിട്ടുണ്ട്.
മറ്റ് ലോകരാജ്യങ്ങളിൽ ലോക്ക്ഡൗണ്‍ തുടങ്ങിയ സമയങ്ങളിൽ കുതിച്ചു കയറിയിരുന്ന വൈറസ്ബാധ ലോക്ക്ഡൗണ്‍ അവസാനിപ്പിച്ച ദിനങ്ങളാകുമ്പോൾ കുത്തനെ കുറഞ്ഞതായി ചാർട്ടിൽ നിന്നും വ്യക്തമാകും. എന്നാൽ ഇന്ത്യയിൽ ഇത് തിരിച്ചാണ് സംഭവിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ചാർട്ടിൽ ലോക്ക്ഡൗണ്‍ തുടങ്ങിയ സമയത്ത് ഉണ്ടായിരുന്ന രോഗികളുടെ എണ്ണം പിന്നെ പടിപടിയായി കൂടുന്നതാണ് കാണാനാകുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ എടുത്തുമാറ്റുമ്പോൾ ഇന്ത്യയിൽ രോഗവ്യാപനം ഉച്ചസ്ഥായിയിലാണ്. മോദി സർക്കാരിൻ്റെ നയപരാജയം വ്യക്തമാക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
