സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ലോകനേതാക്കളിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ ഇന്നലെ ഏവരെയും ഞെട്ടിച്ചുകൊണ്ട് തൻ്റെ സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകള്‍ ഉപക്ഷിക്കുന്നതിനെപ്പറ്റി അദ്ദേഹം ട്വീറ്റ് ചെയ്തു.
തികച്ചും അപ്രതീക്ഷിതമായ ഒരു ട്വീറ്റായിരുന്നു അത്. ഞായറാഴ്ച മുതല്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നകാര്യം ആലോചിക്കുന്നുവെന്നാണ് ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ആരാധകർ അദ്ദേഹത്തിൻ്റെ തീരുമാനത്തെ തിരുത്തുന്നതിനുള്ള ശ്രമത്തിലാണ്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് മോദിയുടെ ട്വീറ്റിനോട് ആദ്യം പ്രതികരിച്ചത്. സാമൂഹിക മാധ്യമങ്ങളല്ല, വിദ്വേഷമാണ് ഉപേക്ഷിക്കേണ്ടതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതെത്തുടർന്ന് ധാരാളം ചർച്ചകളാണ് ഫെയ്സ്ബുക്കിൽ ഉൾപ്പെടെ നടക്കുന്നത്. എന്താണ് മോദി ഉദ്ദേശിക്കുന്നതെന്നാണ് എവിടെയും ചർച്ച.
മോദിയുടെ ട്വീറ്റിന് താഴെതന്നെ ധാരാളം പേർ അദ്ദഹത്തിൻ്റെ തീരുമാനത്തെ അംഗീകരിച്ച് കമൻ്റ് ചെയ്യുന്നത് രാജ്യത്തിന് സ്വന്തമായൊരു സാമൂഹ്യമാദ്ധ്യമം വേണം എന്നാണ്. അതിനായി ട്വിറ്ററും ഫേസ്ബുക്കും ഒക്കെ ഉപേക്ഷിക്കാൻ തയ്യാറാണെന്നും ചിലർ പറയുന്നു.
പൗരത്വ നിയമം അടക്കമുള്ള വിഷയങ്ങിൽ ബിജെപി സർക്കാരിനും മോദിക്കും തലവേദയായത് സോഷ്യൽ മീഡിയ ആയിരുന്നു. പ്രക്ഷോഭങ്ങളും പോലീസിൻ്റെ അതിക്രമങ്ങളുമെല്ലാം ജനം അറിഞ്ഞത് പ്രധാനമായും സോഷ്യൽ മീഡിയ വഴിയാണ്. ദേശീയ ചാനലുകളിൽ ഭൂരിപക്ഷവും മോദി പക്ഷത്താണെന്ന വിമർശനം നിലനിൽക്കെ സോഷ്യൽ മീഡിയയുടെ പ്രസക്തി തിരിച്ചറിഞ്ഞ ദിവസങ്ങളാണ് കടന്നുപോയത്.
സോഷ്യൽ മീഡിയയ്ക്ക് വമ്പൻ സ്വാധീനമുള്ള ഒരു രാജ്യമാണ് ഇന്ത്യ. കോടികളുടെ ബിസിനസാണ് സോഷ്യൽ മീഡിയ വഴി ഇവിടെ നടക്കുന്നത്. അതിനാൽ തന്നെ മുകേഷ് അംബാനി അടക്കമുള്ളവർക്ക് സോഷ്യൽ മീഡിയയിൽ താത്പര്യവുമുണ്ട്. ചൈനയുടെ മാതൃകയിൽ പാശ്ചാത്യ മാദ്ധ്യമങ്ങളെ പുറത്താക്കി സ്വന്തമായി ഒരെണ്ണം തുടങ്ങുന്നതിനാണോ ശ്രമമെന്ന സംശയം ബലപ്പെടുന്നുണ്ട്. സന്വന്തമായി തുടങ്ങിയാൽ ആൾക്കാരുടെ സ്വകാര്യതയും നിയന്ത്രിക്കാം എന്നൊരു നേട്ടം കൂടിയുണ്ടെന്നും വിദഗ്ധർ വിലയിരുത്തുന്നു.
എന്നാൽ ഇത്തരത്തിലുള്ള ചിന്തയൊന്നുമാവില്ല മോദിയുടെ ട്വീറ്റിന് പിന്നിലെന്ന് വാദിക്കുന്നവരുമുണ്ട്. അവർ ട്രോളുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതൊരു ‘പോവല്ലച്ഛാ പോവല്ലേ’ ലൈനാണെന്നാണ് അത്തരക്കാരുടെ വാദം.
