ലോക്സഭ തെരഞ്ഞടുപ്പിനിടെ മോദി അമിത്ഷാമാരോട് ഇടഞ്ഞ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസെ കമ്മീഷനില്‍ നിന്നും രാജിവെച്ചു. ഏഷ്യന്‍ വികസന ബാങ്കിൻ്റെ വൈസ് പ്രസിഡൻ്റായി ചുമതലയേൽക്കുകയാണ് അശോക് ലവാസെ.
1980 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് ലവാസെ 2018 ജനുവരി 23നാണ് തെരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റത്. നിലവിലെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ വിരമിക്കുമ്പോള്‍ കീഴ്‌വഴക്ക പ്രകാരം മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറാകേണ്ടത് മുതിര്‍ന്ന അംഗമായ ലവാസെയാണ്.
തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അശോക് ലവാസെയ്ക്ക് രണ്ടുവര്‍ഷം കൂടി കാലാവധിയും ശേഷിച്ചിരുന്നു. ഇതിനിടെയാണ് എഡിബി വൈസ് പ്രസിഡൻ്റായി നിയമനം ലഭിച്ചത്. പ്രധാനമന്ത്രിക്കും ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായ്ക്കുമെതിരെ ശക്തമായ നിലപാട് എടുത്തതോടെ കേന്ദ്രസര്‍ക്കാരിൻ്റെ നോട്ടപ്പുള്ളിയായിരുന്നു ലവാസെ.
വരുന്ന തെരഞ്ഞെടുപ്പുകളിൽ മോദി ഷ കൂട്ടുകെട്ടിന് ആശ്വാസമാകും ലവാസെയുടെ രാജി. നേർക്കുനേർ കൊമ്പുകോർക്കേണ്ടി വരുന്ന ഒരു സന്ദർഭമാണ് ഒഴിഞ്ഞുപോകുന്നത്. അശോക് ലവാസെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനായി എത്തുന്നത് തടയാൻ ശ്രമം നടന്നിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ച സംഭവത്തില്‍ നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്നതിനെ അശോക് ലവാസെ എതിര്‍ത്തിരുന്നു. ഇത് ബിജെപി നേതൃത്വത്തിന്റെ അതൃപ്തിയ്ക്ക് ഇടയാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനിലെത്തും മുമ്പ് ധനകാര്യം, പരിസ്ഥിതി, വ്യോമയാനം എന്നീ വകുപ്പുകളുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഒരംഗം രാജിവെക്കുന്നത് രണ്ടാംതവണയാണ്. 1973ല്‍ അന്നത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ നാഗേന്ദ്ര സിങ് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ന്യായാധിപനായി നിയമിക്കപ്പെട്ടപ്പോള്‍ സ്ഥാനമൊഴിഞ്ഞിരുന്നു.
