കോവിഡിലും ലോക്ക്ഡൗണിലും വലയുകയാണ് ഇന്ത്യയിലെ ജനങ്ങൾ. ഇവരിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങളെ നേരിട്ടത് കുടിയേറ്റ തൊഴിലാളികളാണ്. മോദിക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്ന വിഭാഗമായിരുന്നു കുടിയേറ്റ തൊഴിലാളികൾ. കേന്ദ്ര സർക്കാരിൻ്റെ അഴിമതി വിരുദ്ധതയിൽ നല്ലൊരു നാളെയെ സ്വപ്നം കണ്ട തൊഴിലാളികൾ ഇപ്പോൾ വീണ്ടുവിചാരം നടത്തുകയാണ്.
കഴിഞ്ഞ ആറു വർഷത്തിനിടെ മോദിയുടെ ജനസ്വാധീനം കുത്തനെ ഇടിഞ്ഞ നാളുകളാണ് കടന്നുപോകുന്നത്. നടപ്പിലാക്കുന്ന പദ്ധതികൾ പാളിപ്പോയാലും വാക്ചാതുരിയിലൂടെ ജനമനസ്സിൽ സ്ഥാനം ഉറപ്പിച്ചിരുന്ന മോദിക്ക് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളെ വാക്കുകളിലൂടെ മറികടക്കാൻ കഴിഞ്ഞില്ല.
കുടിയേറ്റ തൊഴിലാളികളില്‍ പലരും മോദി വേണ്ട സമയത്ത് തങ്ങളെ കൈവിട്ടെന്ന ആരോപണമാണ് ഉന്നയിക്കുന്നത്. മോദിയുടെ ഏറ്റവും വലിയ വോട്ടുബാങ്കാണ് ഇക്കാര്യം ഉന്നയിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മോദിയുടെ വീരപരിവേഷം അഴിഞ്ഞ് വീഴുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
മോദി കഴിഞ്ഞ ആറ് വര്‍ഷത്തോളമായി ഭരണത്തില്‍ തുടരാന്‍ സഹായിച്ചത് കുടിയേറ്റ തൊഴിലാളികളാണ്. ഇവര്‍ വലിയ രീതിയില്‍ മോദിയെ ആരാധിച്ചിരുന്നു. കോര്‍ വോട്ടുബാങ്കായി ബിജെപി കണ്ടിരുന്നതും ഇവരെയായിരുന്നു. ഇപ്പോള്‍ തൊഴിലാളികൾ പറയുന്നത് അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിക്കോ മോദിക്കോ വോട്ട് ചെയ്യുന്നതിന് മുമ്പ് ഒരു വട്ടം കൂടി ആലോചിക്കുമെന്നാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിലില്ലെങ്കിലും വിവിധ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ മോദിക്ക് മുന്നിലുണ്ട്. ഇത് ബിജെപിക്ക് ആശങ്ക മാത്രം സമ്മാനിക്കുന്നതാണ്. ഇതിനിടെ രാഹുൽ ഗാന്ധി ഇന്ത്യൻ മദ്ധ്യവർഗ്ഗത്തിനിടയിൽ തൻ്റെ പ്രതിച്ഛായ വർദ്ധിപ്പിച്ചതും മോദിക്ക് തിരിച്ചടിയാകും.
രാഹുൽ ഗാന്ധി കൊറോണ കാലത്ത് നടത്തിയ സംവാദങ്ങൾ വലിയരീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടു. കൂടാതെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നത്തിലും രാഹുൽ ഗാന്ധിക്ക് ഇടപെടാൻ കഴിഞ്ഞെന്നും വിലയിരുത്തപ്പെടുന്നു. രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ കോൺഗ്രസും സ്വാധീനം വർദ്ധിപ്പിച്ചു.
