രണ്ട് വർഷത്തിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് ചെയ്ത വീഡിയോയുടെ പേരിൽ കോൺഗ്രസ് നേതാവിനെതിരെ എഫ്.ഐ.ആർ. മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ മാന്യമല്ലാത്ത പദം ഉപയോഗിച്ചതിനാണ് കോൺഗ്രസ് നേതാവ് അൽക ലമ്പക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഹസ്റത്ത്ഗഞ്ച് പൊലീസ് സ്റ്റേഷൻ അൽകക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഉത്തർപ്രദേശ് ശിശു സംരക്ഷണ കമീഷൻ അംഗം ഡോ. പ്രീതി വർമ നൽകിയ പരാതിയിലാണ് നടപടി.
അൽക ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അപമനാക്കുന്നുവെന്നാണ് പരാതി. ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ ഇരുവരും ‘കഴിവുകെട്ടവരാണെന്ന്’ അൽക വിഡിയോയിൽ പറയുന്നുണ്ട്. അവരുടെ മുഖത്ത് തുപ്പുന്നുവെന്നും അൽക പറയുന്നുണ്ട്.
അതേസമയം, രണ്ട് വർഷം മുമ്പത്തെ വിഡിയോ ആണ് ഇതെന്നും തനിക്കെതിരെ മറ്റൊന്നും കിട്ടാത്തത്കൊണ്ടാണ് ‘അന്ധ ഭക്തർ’ ഇപ്പോൾ ആ വിഡിയോ ആയുധമാക്കുന്നതെന്നും അൽക ലമ്പ പറഞ്ഞു.
