കൊല്ലം അഞ്ചലിലെ ഉത്രയുടെ കൊലപാതകത്തിൻ്റെ ചുരുളഴിയുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേസിൽ അറസ്റ്റിലായ ഭർത്താവ് സൂരജ് വളരെ വിദഗ്ധമായാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. മൂന്ന് മാസം നീണ്ട ആസൂത്രണം കൊലപാതകത്തിന് പിന്നിലുണ്ടെന്ന് പോലീസ് പറയുന്നു.
നാല് തവണയാണ് പാമ്പിനെ ഉപയോഗിച്ച് സൂരജ് കൃത്യത്തിനായി ശ്രമം നടത്തിയത്. സ്വത്തിനോടുള്ള അതിമോഹമാണ് കൊലയ്ക്ക് കാരണമായത്. മൂന്ന് മാസം മുൻപ് സൂരജിന്റെ വീട്ടിലാണ് പാമ്പിൻ്റെ ആദ്യ പരീക്ഷണം നടന്നത്. വീടിന്റെ അകത്ത് പാമ്പിനെ കൊണ്ടിട്ടു. ഉത്ര പാമ്പിനെ കണ്ടതോടെ സൂരജ് ചാക്കിലാക്കി എടുത്തു കൊണ്ടുപോയി.
അതിനു ശേഷമാണ് മാർച്ച് രണ്ടിന് അണലിയെ കൊണ്ട് കടിപ്പിക്കുന്നത്. കടിയേറ്റ് വേദനച്ചിട്ടും ഉത്രയെ സൂരജ് ആശുപത്രിയിൽ കൊണ്ടുപോയില്ല. വേദനയ്ക്കു ഗുളിക നൽകിയശേഷം ഉറങ്ങാൻ പറഞ്ഞു. രാത്രിയിൽ ബോധരഹിതയായതോടെയാണ് ആശുപത്രിയിൽ കൊണ്ടു പോകുന്നത്. പക്ഷേ മൂന്നാഴ്ച നീണ്ട ചികിത്സയിലുടെ ഉത്ര ജീവിതത്തിലേക്കു തിരിച്ചുവന്നു.
പിന്നീട് ഉത്ര സ്വന്തം വീട്ടിൽ ചികിത്സയിലിരികെ അവിടെയെത്തിയ സൂരജ്, വീട്ടിൽ പാമ്പിനെ കണ്ടതായി കള്ളം പറഞ്ഞു. വീട്ടിൽ പാമ്പ് വരാറുണ്ടെന്ന് വരുത്തി തീർക്കാനുള്ള നീക്കമായിരുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇതിനെല്ലാം ഒടുവിലാണ് മേയ് 7ന് രാത്രിയിൽ അപൂർവങ്ങളിൽ അപൂർവമായ കൊലപാതകം സംഭവിച്ചത്.
സ്ത്രീധനമായി 98 പവനും 5 ലക്ഷവും കാറും വാങ്ങിയതിന് പിന്നാലെ എല്ലാ മാസവും 8000 രൂപ വീതവും ഉത്രയുടെ വീട്ടില്‍നിന്ന് സൂരജ് വാങ്ങി. പണത്തിനായി നിരന്തരം വഴക്കിട്ടതായും മൊഴിയുണ്ട്. വിവാഹമോചനം നേടിയാൽ ഈ സ്വത്തുക്കൾ തിരിച്ചു നൽകേണ്ടി വരുമെന്ന് സൂരജ് ഭയപ്പെട്ടു. ഇതോടെയാണ് കൊല്ലാൻ തീരുമാനിച്ചതെന്ന് സൂരജിന്റെ മൊഴിയില്‍ പറയുന്നു.
