മൂന്ന് ആശുപത്രികളും കയ്യൊഴിഞ്ഞ ഗര്‍ഭിണിയായ യുവതി ഓട്ടോയില്‍ പ്രസവിച്ചു.പിന്നാലെ പരിചരണം കിട്ടാതെ കുഞ്ഞ് മരിച്ചു. ബംഗളൂരുവിലാണ് സംഭവം. കിടക്ക ഒഴിവില്ലെന്ന് പറഞ്ഞാണ് ശ്രീരാമപുര ഗവണ്‍മെന്റ് ആശുപത്രിയും വിക്ടോറിയ ആശുപത്രിയും വാണിവിലാസും യുവതിയെ മടക്കിയത്. ആറ് മണിക്കൂറോളമാണ് യുവതിയും അമ്മയും ആശുപത്രി തേടി അലഞ്ഞത്. ഒടുവില്‍ യുവതി ഓട്ടോയില്‍ തന്നെ പ്രസവിച്ചു. പിന്നാലെ കെസി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.
കഴിഞ്ഞ 10 ദിവസത്തിനിടെ പരിചരണം കിട്ടാതെ രണ്ട് നവജാത ശിശുക്കളാണ് ബംഗളൂരുവില്‍ മരിച്ചത്. കഴിഞ്ഞ ദിവസം ഒരു മാസം പ്രായമായ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചതോടെ പിതാവ് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിക്കുകയുണ്ടായി. ചികിത്സ നിഷേധിച്ച ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
ബംഗളൂരുവില്‍ കോവിഡ് കേസുകള്‍ കൂടുന്നതോടെ മറ്റ് ചികിത്സകള്‍ക്ക് ആശുപത്രികളില്‍ പ്രവേശനം കിട്ടുന്നില്ലെന്ന പരാതിയുണ്ട്. ഇന്നലെ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്ത 3648 കോവിഡ് കേസുകളില്‍ 1452ഉം ബംഗളൂരുവിലാണ്. സംസ്ഥാനത്തെ ആകെ കോവിഡ് കേസുകള്‍ 33000 പിന്നിട്ടു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സക്കും 50 ശതമാനം മറ്റ് ചികിത്സകള്‍ക്കും മാറ്റിവെയ്ക്കണമെന്നും മുഖ്യമന്ത്രി യെദിയൂരപ്പ ഉത്തരവിട്ടിട്ടുണ്ട്.
