മൂന്നാര്‍ പെട്ടിമുടി മണ്ണിടിച്ചില്‍; അഞ്ച് മരണം, എണ്‍പതോളം പേര്‍ മണ്ണിനടയിലെന്ന് സൂചന

മൂന്നാര്‍ രാജമലയിലുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പേര്‍ അകപ്പെട്ടതായി റിപോര്‍ട്ടുകള്‍.സംഭവ സ്ഥലത്ത് രക്ഷപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്തതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിക്കാനിടയാകുന്നു. അനൗദ്യോഗികമായി അഞ്ച് പേര്‍ മരിച്ചതാണ് വിവരം.

83 പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നതെന്നും ഇതില്‍ 67 പേര്‍ മണ്ണിനടിയില്‍നിന്ന് കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് സൂചന.മണ്ണിനടിയില്‍നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും മൂന്നാര്‍ കണ്ണന്‍ ദേവന്‍ ആശുപത്രിയില്‍ എത്തിച്ചു. പളനിയമ്മ(50), ദീപന്‍(25), സീതാലക്ഷ്മി(33), സരസ്വതി(50) എന്നിവരെയാണ് ആശുപത്രിയില്‍ എത്തിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇതിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടംമേഖലയില്‍ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. ഉള്‍പ്രദേശമായതിനാല്‍ ഇവിടെ എത്തിയുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. പ്രദേശത്തേക്ക് എന്‍.ഡി.ആര്‍.എഫ്. സംഘം പുറപ്പെട്ടിട്ടുണ്ട്.

മൂന്ന് ലൈനുകളിലായി 84 പേരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. വൈദ്യുതി ഇല്ലാത്തതിനാല്‍ കൃത്യമായ വിവരം ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സമീപത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മണ്ണിടിച്ചിലുണ്ടായെന്ന് സ്ഥിരീകരിക്കുമ്പോഴും ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കാന്‍ സാധിച്ചിട്ടില്ല. പോലീസിനോ റവന്യൂ വകുപ്പിനോ പ്രദേശത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകര്‍ന്നതിനാലാണിത്.

കഴിഞ്ഞ പ്രളയകാലത്താണ് പെരിയവര പാലം തകര്‍ന്നത്. പുതിയ പാലം നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ താല്‍ക്കാലിക പാലവും തകര്‍ന്നതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു. അതിനാല്‍ തന്നെ വാഹനങ്ങള്‍ക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയാണ്.

മൂന്നാറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. സംരക്ഷിത പ്രദേശമായ ഇവിടേക്ക് റോഡ് സൗകര്യത്തിന്റെ അപര്യാപ്തതയുണ്ട്. ഇരവികളും ദേശീയോദ്യാനത്തിന്റെ ഭാഗമായ ഇവിടെ ഒരുപരിധിയില്‍ കവിഞ്ഞ് വികസന പ്രവര്‍ത്തനങ്ങളും സാധിക്കില്ല. തോട്ടങ്ങള്‍ ഉള്ളതിനാല്‍ മാത്രമാണ് തൊഴിലാളികള്‍ക്ക് താമസിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്.

Vinkmag ad

Read Previous

രാമക്ഷേത്രശിലാസ്ഥാപനം; ലഡു വിതരണം നടത്തിയ പൊലീസുകാര്‍ക്കെതിരെ പ്രതിഷേധം ശക്തം

Read Next

മഴയ്ക്കും കോവിഡിനും മുന്നില്‍ പതറാതെ രക്ഷാപ്രവര്‍ത്തനം; നാട്ടുകാരുടെ നന്മയ്ക്ക് എങ്ങും കയ്യടി

Leave a Reply

Most Popular