ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളത്തില്‍ പങ്കെടുത്തവരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതിനു പിന്നാലെ വലതുപക്ഷ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തകള്‍ എത്രത്തോളം വര്‍ഗീയ വിഷം വമിപ്പിക്കുന്നതാണെന്ന് നാം ഇതിനോടകം കണ്ടു കഴിഞ്ഞു.
എന്നാല്‍ ജീവനെടുക്കാന്‍ പാകത്തിന് ഈ വര്‍ഗീയത പടര്‍ന്നു പിടിച്ചു കഴിഞ്ഞു എന്നതിന്റെ തെളിവുകളാണിപ്പോള്‍ പുറത്തു വരുന്നത്. മുസ്ലീം വിഭാഗത്തില്‍ ഉള്‍പ്പെട്ടു എന്ന കാരണത്താല്‍ ചികിത്സ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങളാണിപ്പോള്‍ രാജ്യത്ത് ഉടലെടുത്തിരിക്കുന്നത്….
ഇസ്ലാം മതക്കാരിയാണെന്ന ഒറ്റ കാരണത്താല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഗര്‍ഭിണി പിന്നീട് ആംബുലന്‍സില്‍ വെച്ച് പ്രസവിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്തതായ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോള്‍ ഈ കൊറോണക്കാലത്തും വര്‍ഗീയത മാത്രമാണ് കൊടികുത്തി വാഴുന്നത് എന്ന് വെളിപ്പെടുകയാണ്. രാജസ്ഥാനിലെ ഭാരത്പൂര്‍ ജില്ലയിലാണ് സംഭവം.
സംഭവത്തെക്കുറിച്ച് യുവതിയുടെ ഭര്‍ത്താവ് ഇര്‍ഫാന്‍ ഖാന്‍ പറയുന്നത് ഇങ്ങനെയാണ് ‘എന്റെ ഭാര്യയെ സിക്രിയില്‍ നിന്ന് ജനാനാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതാണ്. എന്നാല്‍ ആശുപത്രിയിലെ ഡോക്ടര്‍ ഞങ്ങള്‍ മുസ്ലിമായതുകൊണ്ട് ജയ്പൂരിലേക്ക് പോകണമെന്നാണ് പറഞ്ഞത്. ആംബുലന്‍സില്‍ ജയ്പൂരിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ഭാര്യ പ്രസവിച്ചു.
കുഞ്ഞ് മരിക്കുകയും ചെയ്തു. എന്റെ കുഞ്ഞിന്റെ മരണത്തിനുത്തരം പറയേണ്ടത് അധികാരികളാണ്’ എന്നാണ് ഇര്‍ഫാന്‍ പറയുന്നത്. എന്‍ ഡി ടി വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വിഷയത്തില്‍ കടുത്ത പ്രതിഷേധമറിയിച്ച് സംസ്ഥാന ടൂറിസം മന്ത്രി വിശ്വേന്ത്ര സിങ് രംഗത്തു വരികയും ചെയ്തു. സ്ഥലം എംഎല്‍എ സംസ്ഥാന ആരോഗ്യമന്ത്രിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. സുഭാഷ് ഗാര്‍ഗ് ആണ് സംസ്ഥാന ആരോഗ്യമന്ത്രി. ഇദ്ദേഹത്തിനെതിരേയാണ് മന്ത്രി വിശ്വേന്ത്ര സിങ് രംഗത്ത് വന്നത്. അതേസമയം മന്ത്രിസഭയിലെ ഒരംഗം പരസ്യമായി മുന്നോട്ടു വന്നത് വലിയ വിവാദമായിരിക്കുകയാണ്.
സംഭവത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് അനുകൂലമായ നിലപാടാണ് ആരോഗ്യമന്ത്രി എടുത്തിരിക്കുന്നത്. മുസ്ലിമായതു കൊണ്ടല്ല യുവതിക്ക് ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചത് എന്നാണ് അദ്ദേഹത്തിന്റെ വാദം. അന്വേഷണ ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് ഈ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. മാധ്യമപ്രവര്‍ത്തകരെ ടാഗ് ചെയ്താണ് ടൂറിസം മന്ത്രി വിശ്വേന്ദ്ര സിങ്ങിന്റെ പ്രതികരണം. ഇതിനെക്കാള്‍ നാണംകെട്ടതായി മറ്റൊന്നില്ലെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ ഉറച്ച നിലപാടെടുക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തബ്ലീഗ് ജമാഅത്തുകാര്‍ ചെയ്ത തെറ്റിന് ഒരു സമുദായത്തെ മുഴുവന്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് ശരിയാണോയെന്നും അദ്ദേഹം ചോദിക്കുന്നു. ഇതിനു പിന്നാലെയാണ് പ്രാഥമികാന്വേഷണം പോലും നടക്കുന്നതിനു മുന്‍പേ ആരോപണവിധേയനായ ഡോക്ടറെ ന്യായീകരിച്ച് ആരോഗ്യമന്ത്രി രംഗത്തു വന്നത്. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന്റെ തലവന്‍ ഡോ. മോനീത് വാലിയ ആണ് യുവതിയെ അഡ്മിറ്റ് ചെയ്യാന്‍ വിസമ്മതിച്ചതെന്നാണ് വിവരം.
രാജ്യം കൊറോണ ഭീതിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മതത്തിന്റെ പേരില്‍ ആശുപത്രിയില്‍ പോലും വേര്‍തിരിവ് കാണിക്കുന്നത് കൊറോണയെക്കാള്‍ വലിയ ഭീകര വര്‍ഗീയ വൈറസുകള്‍ എത്രത്തോളം രാജ്യത്തെ കീഴ്പ്പെടുത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണ്….
