രാജ്യത്ത് കോവിഡ് പടർത്തിയത് മുസ്ലീങ്ങളാണെന്ന പ്രചരണവുമായി സംഘപരിവാര്‍ സഹയാത്രികനും ഹിന്ദുത്വ പ്രഭാഷകനുമായ എന്‍ ഗോപാലകൃഷ്ണന്‍. സമൂഹത്തിൽ വിഘടനം ഉണ്ടാക്കുന്ന തരത്തിലുള്ള ഗുരുതരമായ പ്രസ്താവനകളടങ്ങിയ ഇയാളുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
നിസാമുദ്ദീനിൽ നടന്ന തബ്‌ലിഗ് സമ്മേളനം ഇന്ത്യയിലാകെ കൊറോണ പടർത്താൻ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് ഗോപാല കൃഷ്ണൻ വീഡിയോയിൽ പറയുന്നു. ഇന്ത്യ മുഴുവന്‍ കൊവിഡ് പരത്തിയത് മുസ്ലിങ്ങളാണെന്നും ഇയാൾ പറയുന്നുണ്ട്.
രാജ്യത്തുള്ളവരെ കൊല്ലാന്‍ റോഡിലും പാത്രത്തിലും നോട്ടിലും തുപ്പി കൊവിഡ് പ്രചരിപ്പിച്ചെന്ന വിഷലിപ്ത വ്യാജവാദവും വീഡിയോയില്‍ ഉണ്ട്. ഏകീകൃത സിവില്‍ കോഡ് വന്നാല്‍ മുസ്ലിങ്ങളുടെ നെഗളിപ്പ് തീരുമെന്ന ഭീഷണിയും വീഡിയോയില്‍ ഉണ്ട്.
കോവിഡ് കാലത്ത് ഇത്തരം വ്യാജ വർഗ്ഗീയ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളണമെന്നാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയരുന്നത്. നീചമായ രീതിയിൽ മുസ്ലീങ്ങൾക്കെതിരെ സംസാരിക്കുന്ന ഗോപാലകൃഷ്ണനെതിരെ നിയമ നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല.
