മുസ്ലീം സമുദായമാണ് കോവിഡ് പടര്‍ത്തുന്നതെന്ന വ്യാഖ്യാനവുമായി കവിത പ്രചരിപ്പിച്ച പ്രവാസി വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ സോഹന്‍ റോയിക്കെതിരെ വ്യാപക പ്രതിഷേധം. സംഘപരിവാര്‍ കുപ്രചരണമേറ്റെടുത്ത് സാമൂഹിക വിശകലനമെന്ന തരത്തിലാണ് ചിത്രങ്ങള്‍ സഹിതം കവിത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സംഘപരിവാര്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ ഈ കവിത ഏറ്റെടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. വര്‍ഗിയത പരത്തുന്ന കവിത പ്രചരിപ്പിച്ച സോഹന്‍ റോയിക്കെതിരെ കടുത്ത നടപടിവേണമെന്നാവശ്യവും ശക്തമായിരിക്കുകയാണ്.
നിസാമുദ്ദീന്‍ കോവിഡ്, നിസാമുദ്ദീന്‍ കൊറോണ കേസസ് തുടങ്ങിയ ഹാഷ്ടാഗുകള്‍ സഹിതം പോസ്റ്റ് ചെയ്ത കവിതയില്‍ പള്ളിയില്‍ നിന്ന് വരുന്ന മുസ്ലിംകളുടെ ഗ്രാഫിക് ചിത്രമാണ് ചേര്‍ത്തിരിക്കുന്നത്. മതഭാഷിയുടെ നിര്‍ദേശാനുസരണം അണുക്കള്‍ നാട്ടില്‍ പരത്തുകയാണ് എന്നാണ് കവിതയിലുടെ ഇയാള്‍ കുറ്റപ്പെടുത്തുന്നത്.
സാമൂഹിക വിമര്‍ശനം എന്ന മട്ടില്‍ പോസ്റ്റ് ചെയ്യുന്ന പല കവിതകളും ഏതെങ്കിലും ഒരു സമൂഹത്തെ അവഹേളിക്കുന്ന വിധമാണെന്ന് നേരത്തേ ആക്ഷേപമുണ്ട്. സ്ത്രീ വിരുദ്ധ കവിതകളും, അതിഥി തൊഴിലാളികളെ അവഹേളിക്കുന്ന കവിതകളും ഇദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. അതിഥി തൊഴിലാളികളെ നാടുകടത്തണമെന്നുള്‍പ്പൈടയുള്ള കോവിഡ് കാല കവിതകളെല്ലാം ഫേസ്ബുക്ക് വഴി പങ്കുവെച്ചപ്പോള്‍ മതവിശ്വാസികള്‍ കോവിഡ് പരത്തുന്നു എന്നാക്ഷേപിക്കുന്ന കവിത സംഘ് പരിവാര്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ മുഖേനെയാണ് വ്യാപകമായി ഷെയര്‍ ചെയ്തത്. ആര്‍ എസ് എസ് നേതാവ് പി പരമേശ്വരനെ പുകഴ്ത്തിയും പൗരത്വബില്ലിനെ എതിര്‍ക്കുന്നവരെ പരിഹസിച്ചും അവഹേളിച്ചും ഇയാള്‍ നേരത്തെ കവിതയെഴുതിയട്ടുണ്ട്…
വര്‍ഗീയ വിദ്വേഷം പരത്തുന്ന പോസ്റ്റുകള്‍ക്കെതിരെ യു.എ.ഇ കര്‍ശന നിലപാട് സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലും യൂട്യൂബിലും കവിത നീക്കം ചെയ്തിട്ടുണ്ട്. സംഭവം വിവാദമായതോടെ ക്ഷമാപണവുമായി ഇയാള്‍ രംഗത്തെത്തി.
