പച്ചക്കറി കച്ചവടക്കാരനെ മുസ്ലീമാണെന്ന കാരണത്താൽ ഭീഷണിപ്പെടുത്തി ഓടിക്കുന്ന ബിജെപി എംഎൽഎയുടെ വീഡിയോ വൈറലാകുന്നു. ബിജെപി എംഎൽഎയായ ബ്രിജ് ഭൂഷൻ ശരണാണ് സൈക്കിൾ റിക്ഷയിൽ പച്ചക്കറിയുമായി കച്ചവടം നടത്തിയവരെ ഭീഷണിപ്പെടുത്തിയത്.
വീഡിയോയിൽ എംഎൽഎ കച്ചവടക്കാരനോട് ഭീഷണി സ്വരത്തിൽ പേര് ചോദിക്കുന്നതാണ് കേൾക്കാൻ കഴിയുന്നത്. അദ്ദേഹം പേര് പറയാൻ മടിക്കുമ്പോൾ സൈക്കിളിൽ ഇരിക്കുന്ന മകൻ പേര് പറയുന്നു.
പേര് കേട്ടപ്പോൾ മുസ്ലീമാണെന്ന് മനസിലായ എംഎൽഎ ഈ പ്രദേശത്ത് ഇനി കണ്ടുപോകരുതെന്ന് വിലക്കുകയും ഇനി ഇവിടെ കാണാൻ ഇടവന്നാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
വീഡിയോ പുറത്തുവന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്. മുസ്ലീങ്ങൾക്കെതിരായി രാജ്യത്ത് നടക്കുന്ന അതിക്രമങ്ങൾ ഗൾഫ് രാജ്യങ്ങളിലടക്കം വലിയ ചർച്ചയായിരിക്കുന്ന സാഹചര്യത്തിൽ ബിജെപിക്ക് കൂടുതൽ കുരുക്കാകുയാണ് ബ്രിജ് ഭൂഷൻ്റെ ചെയ്തി.
