കോവിഡിന്റെ മറവില്‍ മുസ്ലീങ്ങള്‍ക്കെതിരെ വര്‍ഗീയ വിഷം തുപ്പുന്നതിനെതിരെ ലോകവ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടും ഇന്ത്യയില്‍ കടുത്ത വംശീയ പരാമര്‍ശങ്ങളുമായി സംഘപരിവാര്‍ നേതാക്കള്‍.
മുസ്ലിം കച്ചവടക്കാരില്‍ നിന്ന് പച്ചക്കറി വാങ്ങരുതെന്ന വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ സുരേഷ് തിവാരി രംഗത്തെത്തി. ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയിലെ ആളുകളോടാണ് ബി.ജെ.പി നേതാവ് ഈ ആഹ്വാനം നടത്തിയിരിക്കുന്നത്.
”ഒരു കാര്യം മനസ്സില്‍ വയ്ക്കുക, ഞാന്‍ എല്ലാവരോടും പരസ്യമായി പറയുന്നു, ആരും മുസ്ലിങ്ങളില്‍ നിന്ന് പച്ചക്കറി വാങ്ങരുത്,” സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ആളുകളോട് തിവാരി ആവശ്യപ്പെട്ടതായി ഇന്ത്യന്‍ എക്,സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ചയാണ് താന്‍ ഈ പ്രസ്താവന നടത്തിയതെന്നാണ് ഇന്ത്യന്‍ എക്സ്പ്രസിനോട് തിവാരി പറഞ്ഞത്.
‘ കൊറോണ് വൈറസ് പടര്‍ത്താന്‍ വേണ്ടി ഒരു സമുദായത്തില്‍പ്പെട്ട ആളുകള്‍ പച്ചക്കറികളില്‍ ഉമിനീര്‍ ഉപയോഗിച്ച് അണുബാധിതമാക്കി വില്‍ക്കുന്നുവെന്ന പരാതികേട്ടു. അതുകൊണ്ട് അവരില്‍ നിന്ന് പച്ചക്കറികള്‍ വാങ്ങരുതെന്ന് ഞാന്‍ അവരെ ഉപദേശിച്ചു. സാഹചര്യം സാധാരണമായ ശേഷം എന്താണ് വേണ്ടതെന്ന് അവര്‍ക്ക് തീരുമാനിക്കാവുന്നതാണ്” ബി.ജെ.പി എം.എല്‍.എ പറഞ്ഞു.
താന്‍ തന്റെ അഭിപ്രായം മാത്രമാണ് പറഞ്ഞതെന്നും അത് പിന്തുടരണമോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും ജമാഅത്ത് അംഗങ്ങള്‍ രാജ്യത്ത് എന്താണ് ചെയ്തതെന്ന് എല്ലാവര്‍ക്കും കാണാന്‍ കഴിയില്ലേ എന്നും ചോദിക്കുന്നു. രാജ്യത്ത് മുസ്ലീങ്ങള്‍ക്കെതിരായ വംശിയ പ്രചരണമില്ലെന്ന് സംഘപരിവാര നേതാക്കളും പ്രധാനമന്ത്രിയും ആവര്‍ത്തിക്കുമ്പോഴാണ് ഒരു എംഎല്‍എ തന്നെ ഇത്തര വിഷപ്രയോഗം നടത്തിയിരിക്കുന്നത്.
