ടോവിനോ തോമസ് നായകനായെത്തുന്ന മിന്നൽ മുരളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. എന്നാൽ പോസ്റ്ററിന് പിന്നാലെ വിവാദവും എത്തിയിരിക്കുകയാണ്. സംഘപരിവാർ സംഘടനകളെ അപമാനിക്കുന്നതാണ് പോസ്റ്ററെന്ന് ഒരുകൂട്ടം വലത് രാഷ്ട്രീയ പ്രവർത്തകർ സാമൂഹ്യമാദ്ധ്യമങ്ങളിൽ ആരോപിച്ചിരിക്കുന്നത്.
നേരത്തെ സിനിമയുടെ ചിത്രീകരണത്തിനായി കാലടി മണപ്പുറത്ത് നിർമ്മിച്ചിരുന്ന സെറ്റ് സംഘപരിവാർ സംഘടനകൾ തകർത്തിരുന്നു. സംഭവത്തിൽ സംഘപരിവാർ സംഘടനകൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിനെതിരെയുള്ള ആക്രമണവും.
പോസ്റ്ററിൽ ടോവിനോ, കയ്യിൽ ഒരു ബുക്കും പിടിച്ച് മുഖംമറച്ച് ഓടുന്നതായാണ് കാണിക്കുന്നത്. പശ്ചാത്തലത്തിൽ മറ്റൊരു അവ്യക്ത മുഖത്തിൻ്റെ ഔട്ട്ലൈനും അതിനകത്ത് അവിടവിടെ അഗ്നിപടർന്നിരിക്കുന്നതും കാണാം.
എന്നാൽ ഈ പോസ്റ്ററിലെ ചിത്രം ശബരിമല പ്രക്ഷോഭകാലത്ത് സംഘപരിവാർ സംഘടനകളെ കളിയാക്കാൻ ഉപയോഗിച്ചിരുന്ന ഒരാൾ ഓടുന്ന ചിത്രത്തോട് സാമ്യമുള്ളതാണെന്ന് വരുത്തിയാണ് ആക്രമണം നടക്കുന്നത്. സിനിമ ബഹിഷ്ക്കരിക്കണമെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചരണം.
