പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ സംസ്ഥാന ഗവർണർ ജഗദീപ് ധങ്കര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പരാതി നല്‍കി. ഗവർണറും മമതയും തമ്മിൽ മാസങ്ങളായി നേർക്ക് നേർ പോരിലാണ്. സിഎഎ നിയമ ഭേദഗതി ഉൾപ്പെടെ പല വിഷയങ്ങളിലും ഇരുവരം പരസ്പരം പോർവിളികൾ നടത്തിയിരുന്നു.
കോവിഡ് ബാധ അടക്കമുള്ള കാര്യങ്ങൾ ഉന്നയിച്ചാണ് ഇപ്പോൾ ഗവണർ പരാതി നൽകിയിരിക്കുന്നത്. ഡല്‍ഹിയിലെ ആഭ്യന്തരമന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ വച്ചാണ് ഗവര്‍ണര്‍ പരാതി ഉയർത്തിയത്. സംസ്ഥാനത്തെ ആരോഗ്യ സൗകര്യങ്ങള്‍ വളരെ കുറവാണെന്നും സര്‍ക്കാര്‍ കൊവിഡ് 19 പ്രതിസന്ധിയെ തെറ്റായി കൈകാര്യം ചെയ്തുവെന്നുമാണ് പ്രധാന പരാതി.
മരണങ്ങളും പോസിറ്റീവ് കേസുകളും അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നതില്‍ ജനം വളരെയേറെ ആശങ്കാകുലരാണെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാന തകര്‍ച്ച, അംപന്‍ ചുഴലിക്കാറ്റിന്റെ ഇരകള്‍ക്ക് ദുരിതാശ്വാസ വിതരണത്തിലെ അഴിമതി, സ്വജനപക്ഷപാതം, ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിദ്യാഭ്യാസ മേഖലയില്‍ രാഷ്ട്രീയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു തുടങ്ങിയവയാണ് ഗവര്‍ണറുടെ മറ്റ് പ്രധാന പരാതികള്‍.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പില്‍ സ്വാധീനിക്കുന്ന പട്ടികജാതി മാതുവ സമുദായത്തില്‍പെട്ടവരുടെ പ്രശ്‌നങ്ങളെ കുറിച്ചും ഗവര്‍ണര്‍ ജഗദീപ് ധങ്കര്‍ അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തി. ക്രമസമാധാന സ്ഥിതിഗതികള്‍ ആശങ്കാജനകവും അപകടകരമാംവിധം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഗവര്‍ണര്‍ വിശേഷിപ്പിച്ചു. വടക്കന്‍ ദിനാജ്പൂര്‍ ജില്ലയിലെ ഒരു മാര്‍ക്കറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഹെംതാബാദ് എംഎല്‍എയുടെ മരണത്തെക്കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പോലിസ് ശ്രമിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
