കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ യുഎപിഎ ചുമത്തി അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകരായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ സി.പി.എം പുറത്താക്കി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.പി ദാസനാണ് പന്നിയങ്കര ലോക്കല്‍ കമ്മിറ്റിയിലെ ജനറല്‍ ബോഡി യോഗത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തത്ക്കാലം ഈ നടപടി പരസ്യപ്പെടുത്തില്ല.
ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കോഴിക്കോട് ലോക്കല്‍ കമ്മിറ്റികളില്‍ സി.പി.എം റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ വ്യതിയാനം മനസ്സിലാക്കാന്‍ കഴിയാതെ പോയത് സ്വയം വിമര്‍ശനമായി കരുതണമെന്നും സി.പി.എം റിപ്പോര്‍ട്ടില്‍ പറയുന്നു.
എല്ലാ ബ്രാഞ്ചുകളിലെയും അംഗങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കാനും തീവ്ര ഇടത് വ്യതിയാനമുള്ളവരെ പുറത്താക്കാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഈ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ പരസ്യമായ നിലപാട് സ്വീകരിച്ചിരുന്നില്ല. തീരുമാനമെടുക്കാന്‍ ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയുമായിരുന്നു.
സംഭവത്തില്‍ അന്വേഷണത്തിന് സി.പി.എം മൂന്നംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സി.പി.എം പ്രദേശിക നേതൃത്വത്തിന് പോലീസിന്റെ പക്കല്‍ നിന്നും ഇവരുടെ മാവോയിസ്റ്റ് ബന്ധത്തിന്റെ തെളിവുകള്‍ ലഭിച്ചുവെന്നും സൂചനയുണ്ട്. പന്നിയങ്കര ലോക്കല്‍ കമ്മിറ്റിക്ക് കീഴിലാണ് അലന്‍ പ്രവര്‍ത്തിക്കുന്നത്.
അതിനിടെ, ഇരുവരേയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് ഇന്ന് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. താഹ ഫസലിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ലാപ്ടോപ്പ്, പെന്‍ഡ്രൈവ് , മെമ്മറി കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി ചേര്‍ത്തുവച്ചായിരിക്കും ചോദ്യം ചെയ്യല്‍. ഇവരുടെ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ജാമ്യാപേക്ഷയെ പോലീസ് ശക്തമായി എതിര്‍ക്കാനാണ് സാധ്യത. ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളും പോലീസ് ഹാജരാക്കിയേക്കും.
