ഇന്ത്യൻ ജനാധിപത്യത്തിനേറ്റ കനത്ത അടിയാണ് രണ്ട് മലയാളം ചാനലുകളെ വിലക്കി നടപടി. കേന്ദ്രമന്ത്രി അടക്കമുള്ള അധികൃതർ അറിയാതെയാണ് നടപടി എന്നത് ഭീകരത വർദ്ധിപ്പിക്കുന്നു. സംഭവത്തിന് പിന്നിൽ കേരളത്തിലെ ബിജെപി നേതാക്കളാണെന്ന് ആക്ഷേപം.
കേരളത്തിലെ ബിജെപി നേതാക്കളുടെ ഇടപെടലും സമ്മർദ്ദവും കാരണമാണ് ഏഷ്യാനെറ്റ് ന്യൂസിനെയും മീഡിയ വണിനെയും വിലക്കിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍. ഔട്ട്‌ലുക്കിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
പത്രസ്വാതന്ത്ര്യത്തിനെതിരായ നഗ്നമായ ആക്രമണമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ പത്രസ്വാതന്ത്ര്യം പ്രധാനമാണെന്നാണ് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞത്. എന്നാല്‍ മന്ത്രിയുടെ അറിവോടെയോ അല്ലാതെയോ പ്രാദേശിക നേതാക്കള്‍ ഇത് സാധിച്ചെടുത്തുവെന്ന് വേണം കരുതാന്‍.
മാപ്പ് പറഞ്ഞാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് നീക്കിയതെന്ന വാദത്തെ അദ്ദേഹം നിരാകരിക്കുകയും ചെയ്തു. എനിക്കറിഞ്ഞിടത്തോളം ഞങ്ങള്‍ മാപ്പ് പറഞ്ഞിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുകയും ഉടനെ തന്നെ പുന:സ്ഥാപിക്കുകയും ചെയ്തുവെന്നാണ് മന്ത്രി പറഞ്ഞത്. അതിനുശേഷം അദ്ദേഹം തന്നെ മാപ്പിനെപ്പറ്റി പറഞ്ഞത് എന്തിനാണെന്ന് എനിക്കറിയില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
എന്നാല്‍ വിലക്ക് ഏര്‍പ്പെടുത്തിയ സമയം മുതല്‍ മന്ത്രാലയവുമായി ഏഷ്യാനെറ്റ് ബന്ധപ്പെട്ടുവെന്നും തങ്ങളുടെ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മാപ്പ് പറഞ്ഞിട്ടില്ല. മാപ്പ് പറഞ്ഞതാണ് വിലക്ക് നീക്കാനുള്ള കാരണമെങ്കില്‍ മീഡിയാ വണിന്റെ വിലക്ക് രാവിലെ നീക്കിയത് എന്തേയെന്നും അദ്ദേഹം ചോദിച്ചു.
