മാധ്യമ പ്രവർത്തകർക്കെതിരെയുള്ള അധിക്ഷേപം :മുഖ്യമന്ത്രിയുടെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തിപരമായ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്നത് തന്നെയാണ് പൊതുവെ സ്വീകരിക്കുന്ന നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശരിയായ നിലയില്‍ അന്വേഷണം നടക്കട്ടേയെന്നും വ്യക്തിപരമായ അധിക്ഷേപങ്ങളില്‍ നിന്ന് സാധാരണഗതിയില്‍ എല്ലാവരും ഒഴിഞ്ഞുനില്‍ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം:

മാധ്യമപ്രവര്‍ത്തകരുടെ പരാതി അന്വേഷണത്തിന് വിട്ടിട്ടുണ്ട്. അത്തരത്തിലുള്ള വ്യക്തിപരമായ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്നത് തന്നെയാണ് പൊതുവെ സ്വീകരിക്കുന്ന നിലപാട്. അത് ആര്‍ക്കെതിരെ ആയാലും. ഇതില്‍ ശരിയായ നിലയില്‍ അന്വേഷണം നടക്കട്ടെ. വ്യക്തിപരമായ അധിക്ഷേപങ്ങളില്‍ നിന്ന് സാധാരണഗതിയില്‍ എല്ലാവരും ഒഴിഞ്ഞുനില്‍ക്കുകയാണ് വേണ്ടത്.

അത് സാമൂഹ്യമാധ്യമങ്ങളില്‍ നിന്നുള്ളവര്‍ മാത്രമല്ല. മറ്റ് മാധ്യമങ്ങളും അത്തരത്തിലുള്ള രീതിയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതാണ് അഭികാമ്യം.

വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്ന രീതി ഞാന്‍ നേരത്തെ പറഞ്ഞല്ലോ. ആ വ്യാജ വാര്‍ത്തകള്‍ ബോധപൂര്‍വം പ്രചരിക്കുന്ന ചില കേന്ദ്രങ്ങളുമുണ്ട്. അത്തരം കാര്യങ്ങള്‍ കണ്ടെത്തുന്നതിന് പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിരിക്കുകയാണ്.

നല്ലരീതിയിലുള്ള ഫലം സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുവെ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ചില പ്രയാസങ്ങളുണ്ട്. അത് കുറെക്കൂടി നിയമപരമായ കരുത്ത് വേണം എന്നൊരു അഭിപ്രായം വരുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് പൊതുഅഭിപ്രായം എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്.

അധിക്ഷേപിക്കുന്ന വാര്‍ത്തകള്‍, തെറ്റായി കാര്യങ്ങള്‍ പ്രചരിപ്പിക്കല്‍, ആള്‍മാറാട്ടം തന്നെ നടത്താനുള്ള ശ്രമം, എന്തും വിളിച്ച് പറയാവുന്ന അവസ്ഥ ഇങ്ങനെ ഒക്കെയുള്ള കാര്യങ്ങള്‍ വരുമ്പോള്‍ കൂടുതല്‍ കര്‍ക്കശമായി കൈകാര്യം ചെയ്യണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ അഭിപ്രായം.

നമ്മുടെ മാധ്യമമേധാവികളുടെ ഒരു യോഗം ചേര്‍ന്നിരുന്നു. അവരും ഇക്കാര്യത്തില്‍ കൂടുതല്‍ കര്‍ക്കശമായ നിലപാടിലേക്ക് പോകേണ്ടതുണ്ട് എന്ന് പറഞ്ഞത് ഞാനീ ഘട്ടത്തില്‍ ഓര്‍ക്കുകയാണ്. നിങ്ങളോടും ഞാനത് പങ്കിട്ടു എന്നാണ് എന്റെ ഓര്‍മ്മ.

പക്ഷെ അതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ കര്‍ക്കശ നിലപാട് എന്നത് ഔദ്യോഗിക തീരുമാനത്തിന്റെ ഭാഗമായി മാത്രം ഉണ്ടായാല്‍ പോര. ചില നിയമഭേദഗതികള്‍ കൂടി വേണം എന്ന അഭിപ്രായം വരുന്നുണ്ട്.

അത് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട ഒരു പ്രശ്‌നമാണ്. പൊതു അഭിപ്രായം അക്കാര്യത്തില്‍ തേടേണ്ടതായിട്ടുണ്ട്.

അങ്ങനെ പൊതുഅഭിപ്രായം തേടിയിട്ട് നടപടിയെടുക്കേണ്ടതുണ്ടെങ്കില്‍ നടപടി എടുത്ത് പോകുക തന്നെ ചെയ്യാം. നാം എല്ലാവരും കാണേണ്ടത്. ഏതെങ്കിലും കൂട്ടര്‍ക്കെതിരെ വ്യക്തിപരമായ അധിക്ഷേപം വന്നാല്‍ ആ… അത് തരക്കേടില്ല നല്ല കാര്യം അടി… അടി… അടി… പോട്ടേ പോട്ടേ പോട്ടേ… അതേവഴിക്ക് പൊയ്‌ക്കോട്ടേ എന്ന് കൈയടിച്ച് കൊടുക്കുക മറ്റ് ചിലത് വരുമ്പോള്‍ ഹോ ഹോ…ഇങ്ങനെ വന്നോ എന്താണിത് ഇങ്ങനെ സംഭവിക്കാന്‍ പാടുണ്ടോ എന്ന് പറഞ്ഞ് രോഷം കൊള്ളുക ഈയൊരു ഇരട്ടത്താപ്പ് പാടില്ല

നമ്മളെല്ലാരും ഒരേ സമീപനം ഇക്കാര്യത്തില്‍ സ്വീകരിച്ച് പോരണം. അത് വ്യക്തിപരമായ അധിക്ഷേപം ആരും നടത്താന്‍ പാടില്ല ആശയസംവാദങ്ങളാകാം. അഭിപ്രായങ്ങള്‍ പരസ്പരം കൈമാറുന്ന നിലയാകാം.

ഞാന്‍ പറഞ്ഞ കാര്യം തുറന്ന് സര്‍ക്കാര്‍ മറ്റ് തലത്തില്‍ ആശയവിനിമയം നടത്തി സ്വീകരിക്കേണ്ട കാര്യമാണ്. അത് പിന്നീട് തീരുമാനിക്കാം.

Vinkmag ad

Read Previous

കരിപ്പൂർ രക്ഷാപ്രവർത്തനം: ക്വാറൻ്റെെനിൽ പോകേണ്ടി വന്നവർക്ക് സാമ്പത്തിക പിന്തുണയുമായി പ്രവാസി വ്യവസായി

Read Next

അമേരിക്കൻ വൈസ്പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് ഇന്ത്യൻ വംശജ മത്സരിക്കും; പ്രഖ്യാപനവുമായി ഡെമോക്രാറ്റ് പ്രസിഡൻ്റ് സ്ഥാനാർത്ഥി

Leave a Reply

Most Popular