സംഘപരിവാറിന്റെ സംഘടിത ആക്രമണങ്ങളെ നട്ടെല്ലുയര്‍ത്തി നിന്ന് തിരിച്ചടിച്ച് വിജയിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട വാര്‍ത്താചാനലായ 24 ന്യൂസ്. പുതിയ ബാര്‍ക്ക് റേറ്റിംഗില്‍ ചാനല്‍ മൂന്നാംസ്ഥാനത്തെത്തി. 24ന്റെ വളര്‍ച്ചയില്‍ വിറളിപൂണ്ട് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞാടിയ സെന്‍കുമാറിനും ശ്രീജിത്ത് പണിക്കര്‍ക്കും ചില യൂട്യൂബ് ചാനലുകാര്‍ക്കുമുള്ള ചുട്ട മറുപടിയാണ് തങ്ങളുടെ നിലപാടിലുറച്ച പ്രവര്‍ത്തനത്തിലൂടെ ശ്രീകണ്ഠന്‍ നായരും സംഘവും നല്‍കിയത്.
കേരളത്തെ കുട്ടിച്ചോറാക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന മാധ്യമധര്‍മ്മവും ശക്തമായ നിലപാടും മുറുക്കെപ്പിടിച്ച ആര്‍. ശ്രീകണ്ഠന്‍ നായര്‍ എന്ന ചീഫ് എഡിറ്റര്‍ക്ക് മലയാളി നല്‍കുന്ന സ്നേഹോപഹാരമാണ് ചാനലിന്റെ വളര്‍ച്ച. മാതൃഭൂമിയെ ബഹുദൂരം പിന്നിലാക്കി മനോരമയുടെ തൊട്ടടുത്തെത്തിയാണ് ബാര്‍ക്ക് റേറ്റിംഗില്‍ 24 ചാനല്‍ മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. എല്ലാ കാറ്റഗറിയും കൂട്ടുമ്പോഴാണ് ഇത്. ഏഷ്യാനെറ്റ് 372.19 പോയന്റുകള്‍ നേടിയപ്പോള്‍ 290.59 പോയന്റുമായി മനോരമ ന്യൂസ് രണ്ടാമതും 242.39 പോയന്റുകളുമായി ട്വന്റിഫോര്‍ തൊട്ടുപിന്നില്‍ മൂന്നാമതുമായെത്തി. മാതൃഭൂമി ന്യൂസ് 227.8 പോയന്റുമായി നാലാംസ്ഥാനത്തെത്തിയപ്പോള്‍ 134.01 പോയന്റുമായി ന്യൂസ് 18 കേരള ബഹുദൂരം പിന്നില്‍ അഞ്ചാംസ്ഥാനത്താണ്.
കേരളത്തില്‍ മൂന്നാമതുള്ള കേബിള്‍ ശൃംഖലയായ ഡെന്‍ നെറ്റ് വര്‍ക്കില്‍ നിലവില്‍ 24 ലഭ്യമല്ല. ഡിഷ് ടി.വികളേക്കാള്‍ കൂടുതല്‍ കണക്ഷനുകളുള്ള ഡെന്‍ നെറ്റ് വര്‍ക്കില്‍ കൂടിയുണ്ടായിരുന്നെങ്കില്‍ 24 ന്റെ നില ഇതിലും മേലെയായേനേ. യൂട്യൂബ് ലൈവ് സ്ട്രീമിംഗില്‍ രണ്ടാം സ്ഥാനത്താണ് 24.
ഏഷ്യാനെറ്റും സൂര്യയും മഴവില്‍ മനോരമയും അടക്കിവാണിരുന്ന എന്റര്‍ടൈന്‍മെന്റ് ചാനല്‍ രംഗത്തേക്ക് ഒരു സുപ്രഭാതത്തില്‍ ഫ്ളവേഴ്സ് എന്ന ചാനലുമായി പൊട്ടിവീണ് സിംഹഭാഗം പ്രേക്ഷകരെയും കയ്യിലെടുത്ത് അത്ഭുതപ്പെടുത്തിയ ചരിത്രമുള്ള ശ്രീകണ്ഠന്‍നായര്‍ വീണ്ടും അത്ഭുതപ്പെടുത്തുകയാണ്. ഈ നാട്ടില്‍ ഇനിയും ഒരു വാര്‍ത്താ ചാനലോ എന്ന് ചോദിച്ച് നെറ്റിചുളിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് 24 ന്റെ വളര്‍ച്ച.
ഏറെക്കാലമായി സംഘപരിവാറിന്റെ കണ്ണിലെ കരടാണ് 24 ന്യൂസ്. നിക്ഷ്പക്ഷമായ നിലപാടുകള്‍ കൃത്യമായി എടുക്കുന്ന ഈ ചാനലിനെതിരേ ഏറെക്കാലമായി സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ആക്രമണം നടത്തുന്നുണ്ട്. ചില യൂട്യൂബ് ചാനലുകളില്‍ ആഴ്ചകള്‍ക്ക് മുമ്പ് ശ്രീകണ്ഠന്‍ നായരെ അവഹേളിക്കുംവിധം ആസൂത്രിതമായ രീതിയില്‍ വ്യാജപ്രചാരണങ്ങള്‍ നടന്നിരുന്നു. തെരുവുപട്ടികളുടെ കുരയ്ക്ക് ആരും ചെവികൊടുക്കാറില്ലല്ലോ എന്ന മട്ടിലാണ് ഈ പ്രചാരണങ്ങളെ ശ്രീകണ്ഠന്‍ നായരും സംഘവും തള്ളിക്കളഞ്ഞിരുന്നത്. ഇവര്‍ക്കെല്ലാമുള്ള അടിയാണ് ഇപ്പോഴത്തെ ബാര്‍ക്ക് റേറ്റിംഗ്.
മാതൃഭൂമിയെ പേടിപ്പിച്ച് നിലയ്ക്കുനിര്‍ത്തിയ സംഘപരിവാറിന് പക്ഷെ 24 ന്റെ കാര്യത്തില്‍ അതിന് സാധിച്ചില്ല. സന്ദീപ് വാര്യരെ ചര്‍ച്ചയില്‍ നിന്ന് ഇറക്കിവിട്ട ശേഷം വേണു മാപ്പ് പറയുന്ന സംഭവമുണ്ടായി. മീശ നോവലുമായി ബന്ധപ്പെട്ട് മാതൃഭൂമി മാപ്പ് പറഞ്ഞിരുന്നു. കമല്‍റാം സജീവിനെ മാറ്റുകയും ചെയ്തിരുന്നു.
പായിപ്പാട് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കില്ലെന്ന് പറഞ്ഞതാണ് അവസാനമായി സംഘപരിവാര്‍ കേന്ദ്രങ്ങളെ ചൊടിപ്പിച്ചത്. തുടര്‍ന്ന് എല്ലാ ഫേസ്ബുക്ക് ലിങ്കിന്റെയും കമന്റ് ബോക്സിലും യൂട്യൂബ് ലൈവ് സ്ട്രീമിനടിയിലും സംഘപരിവാര്‍ ആഹ്വാനപ്രകാരം ആളുകള്‍ കമന്റുകള്‍ ഇട്ടിരുന്നു. ശ്രീകണ്ഠന്‍ നായരെ വ്യക്തിപരമായി അധിക്ഷേപിക്കുംവിധമായിരുന്നു ഇതെല്ലാം. എന്നാല്‍ ഇതിനൊന്നും ചെവിക്കൊടുക്കാതെ തങ്ങളുടെ സത്യസന്ധതയിലും നിലപാടിലും മുറുക്കെപ്പിടിച്ച് 24 മുന്നോട്ടുപോയതോടെയാണ് അസൂയാവഹമായ നേട്ടം കൈവരിച്ചത്.
