മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാരിന് സിപിഐ എം പിന്തുണ നല്‍കിയെന്ന പ്രചരണത്തിന് വിശദീകരണവുമായി സംസ്ഥാന കമ്മിറ്റി. നവംബര്‍ ഇരുപത്തിയാറിന് മുംബൈയിലെ ഹോട്ടല്‍ ട്രിഡെന്റില്‍ നടന്ന യോഗത്തില്‍ സിപിഐ എമ്മിന്റെ എംഎല്‍എയോ ഏതെങ്കിലും ഒരു പാര്‍ട്ടി പ്രവര്‍ത്തകനോ പങ്കെടുത്തിട്ടില്ല. സഖ്യസര്‍ക്കാരിന് പിന്തുണ നല്‍കിയ പാര്‍ട്ടികളില്‍ സിപിഐ എമ്മിന്റെ പേരും ഉള്‍പ്പെടുത്തിയാണ് മഹാരാഷ്ട്രാ ഗവര്‍ണര്‍, ഉദ്ധവ് താക്കറേയ്ക്ക് കത്തയച്ചത്. എന്നാല്‍ ഇത് തെറ്റാണെന്നും സിപിഐ എം പ്രസ്താവനയില്‍ വ്യക്തമാക്കി.
നിയമവിരുദ്ധ നടപടികള്‍ സ്വീകരിച്ച മഹാരാഷ്ട്ര ഗവര്‍ണറെ തല്‍സ്ഥാനത്ത് നിന്നും നീക്കണം. പ്രധാനമന്ത്രിയുടേയും ആഭ്യന്തമന്ത്രിയുടേയും നിര്‍ദ്ദേശപ്രകാരം ജനാധിപത്യവിരുദ്ധമായും പക്ഷഭേദത്തോടെയും പ്രവര്‍ത്തിക്കുകയാണ് ഗവര്‍ണര്‍ ചെയ്തതെന്നും സിപിഐ എം വ്യക്തമാക്കി. ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്തുനിര്‍ത്തേണ്ടതിനാല്‍ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തിലുണ്ടാകുന്ന പുതിയ സര്‍ക്കാരിനെ എതിര്‍ക്കില്ലെന്നും സിപിഐ എം പറഞ്ഞു.
മുന്‍ ബിജെപി സര്‍ക്കാരില്‍ നിന്നും പൂര്‍ണമായും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നതായിരിക്കും പുതിയ സര്‍ക്കാരെന്ന് പ്രതീക്ഷിക്കുന്നതായും സിപിഐ എം സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു
