രാജ്യം കടുത്ത പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മഹാരാഷ്ട്രയില്‍ സ്ഥിതി അതിവ ഗുരുതരമായി നീങ്ങുന്നുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തലുകള്‍. കവിഞ്ഞ ദിവസങ്ങളില്‍ മലയാളി നഴ്‌സുമാര്‍ക്കുള്‍പ്പെടെ കൊവിഡ് പടര്‍ന്നുപിടിച്ചത് മഹാരാഷ്ട്രയെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സ്വകാര്യ ആശുപത്രകിളില്‍ ഭൂരിഭാഗവും ജോലി ചെയ്യുന്നത് മലയാളികളാണ്.
മുംബൈ സെന്‍ട്രലിലെ സ്വകാര്യ ആശുപത്രിയിലെ 40 മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവരെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 150 ലധികം നഴ്‌സുമാരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. ആകെ 51 പേര്‍ക്കാണ് ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 40 പേരും മലയാളി നഴ്‌സുമാരാണ്. നേരത്തെ ആശുപത്രിയിലെ ഏഴ് നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മറ്റ് നഴ്‌സുമാരിലും രോഗ ലക്ഷണങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലെ 40 മലയാളി നഴ്‌സുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
മൂന്ന് പേര്‍ കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയില്‍ വച്ച് മരിച്ചു. ഇവരില്‍ നിന്നാകാം ആരോഗ്യ പ്രവര്‍ത്തകരിലേക്ക് രോഗം പകര്‍ന്നതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. ആശുപത്രിയിലെ സര്‍ജന്‍ ആയ ഒരു ഡോക്ടര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ധാരാവിയില്‍ താമസിക്കുന്ന വ്യക്തിയാണ്. ആശുപത്രിയിലാകെ മുന്നൂറോളം നഴ്‌സുമാരാണ്, ഇതില്‍ 200 ലധികവും മലയാളി നഴ്‌സുമാരാണ്.
നേരത്തെ ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനിലെ സംസ്ഥാന ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ക്കും ഏഴ് മലയാളി നഴ്‌സുമാരടക്കം 10 പേര്‍ക്കും കോവിഡ്- 19 സ്ഥിരീകരിച്ചതും ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. മലയാളി നഴ്‌സുമാരില്‍ ഒരാള്‍ എട്ടു മാസം ഗര്‍ഭിണിയാണ്. മറ്റൊരു മലയാളി നഴ്‌സിന് രണ്ടു വയസുള്ള കുട്ടിയുണ്ട്. ഉത്തര്‍പ്രദേശ് സ്വദേശിയായ ഡോക്ടര്‍ക്കാണ് ആദ്യം രോഗം കണ്ടെത്തിയത്. ഇദ്ദേഹം 16 മുതല്‍ 21 വരെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇദ്ദേഹവുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ തമിഴ്നാട് സ്വദേശിയായ നഴ്‌സിനും പിന്നീട് രോഗം സ്ഥിരീകരിച്ചു. ഇതിനു പിന്നാലെയാണു മലയാളി നഴ്‌സുമാര്‍ക്കും രോഗം കണ്ടെത്തിയത്.
നഴ്‌സുമാര്‍ക്ക് മതിയായ ചികിത്സയോ സമയത്ത് ഭക്ഷണമോ കുടിക്കാന്‍ ചൂടുവെള്ളമോ ലഭിക്കുന്നില്ലെന്ന് നിരീക്ഷണത്തിലുള്ള ഒരു മലയാളി നഴ്‌സ് പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് സ്ഥിരീകരിച്ച നഴ്‌സുമാരെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്കു മാറ്റി. മാനദണ്ഡപ്രകാരമുള്ള നിരീക്ഷണമോ സ്‌ക്രീനിംഗോ നടത്താതെയാണ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിച്ചതെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ആരോപിച്ചു.
മുബൈയില്‍ കോവിഡല്‍ കടുത്ത ആശങ്ക നിലനില്‍ക്കുന്നത് ധാരാവിയിലാണ്. നഗരഹൃദയത്തില്‍ 10 ലക്ഷത്തിലേറെപ്പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിമേഖലയില്‍ സമൂഹ വ്യാപനം പ്രതിരോധിക്കാന്‍ 24 മണിക്കൂറും ആരോഗ്യ വകുപ്പ് ജീവനക്കാരും മുംബൈ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും പൊലീസും പല ഷിഫ്റ്റുകളിലായി ഇവിടെ കേന്ദ്രീകരിക്കുന്നു. ധാരാവിയില്‍ സമൂഹവ്യാപനം ഉണ്ടായാല്‍ മുംബൈയില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ഭീതിയിലാണ് ജനങ്ങളും സര്‍ക്കാരും. പൊലീസ് നിരന്തരം റോന്തു ചുറ്റുമ്പോള്‍ കോര്‍പറേഷന്‍ അധികൃതര്‍ ചെറു മേഖലകള്‍ കേന്ദ്രീകരിച്ച് കോവിഡ് സംബന്ധിച്ച അന്വേഷണങ്ങളും ബോധവല്‍കരണവും നടത്തുന്നു. രോഗം ബാധിച്ചവര്‍ താമസിച്ചിരുന്ന മേഖല സീല്‍ ചെയ്യുന്നതും അവര്‍ ഇടപെട്ടവരെ ക്വാറന്റീന്‍ ചെയ്യുന്നതുമാണ് മറ്റൊരു പ്രധാന ജോലി. ആരോഗ്യപ്രവര്‍ത്തകര്‍ ഇത്തരക്കാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും കൗണ്‍സിലിങ്ങുമായി രംഗത്തുണ്ട്.
ധാരാവിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുമായി ഇടപഴകിയ മുഴുവന്‍പേരെയും കണ്ടെത്താനുള്ള നടപടി ഊര്‍ജിതമാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സ്ഥിരീകരിച്ചവരുള്‍പ്പെടുന്ന സ്ഥലവുമായി ബന്ധപ്പെട്ടു താമസിക്കുന്ന മുഴുവന്‍പേരെയും പരിശോധനയ്ക്കു വിധേയമാക്കും. പ്രോട്ടോകോള്‍ പ്രകാരം സാംപിള്‍ ശേഖരണം നടത്തുന്നുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പിനു കീഴില്‍ നാലായിത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ ഈ മേഖല മാത്രം കേന്ദ്രീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു.
ധാരാവിയിലെ പ്രധാന റോഡിനോടു ചേര്‍ന്നു ക്ലിനിക്ക് നടത്തുന്ന 35 വയസ്സുകാരനായ ഡോക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ, ധാരാവി മേഖലയിലെ കോവിഡ് ബാധിതരുടെ എണ്ണം മൂന്നായി. മേഖലയിലെ പലരും ചികിത്സ തേടിയിരുന്ന ഡോക്ടറാണ് ഇദ്ദേഹമെന്നതാണ് ആശങ്ക പരത്തുന്നത്. ഡോക്ടറില്‍ നിന്നു കൂടുതല്‍ രോഗികള്‍ ഉണ്ടാകുമോയെന്ന പരിശോധനയിലാണ് ആരോഗ്യവകുപ്പും മുംബൈ കോര്‍പറേഷന്‍ അധികൃതരും. മുംബൈ നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലും ഡോക്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇദ്ദേഹത്തെ സന്ദര്‍ശിച്ചവരെയും അടുത്ത് ഇടപഴകിയവരെയും കുടുംബാംഗങ്ങളെയും ഐസലേഷനിലാക്കി.
