മഹാമാരി പടരുന്നതിനിടെ രാജ്യത്തെ ആരോഗ്യമന്ത്രിയെ പുറത്താക്കി ബ്രസീൽ പ്രസിഡൻ്റ് ജെയര്‍ ബൊല്‍സൊനാരോ. രാജ്യത്തെ തന്നെ ഞെട്ടിക്കുന്ന നടപടിയാണ് പ്രസിഡൻ്റ് കൈക്കൊണ്ടിരിക്കുന്നത്. ഇരുവരും തമ്മിൽ വലിയ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു.
രാജ്യത്ത് കൊവിഡ് രോഗബാധ പടർന്നതുമുതൽ ബ്രസീൽ ആരോഗ്യമന്ത്രി ഹെൻ്റിക് പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ ഒന്നും തന്നെ പ്രസിഡൻ്റ് ജെയര്‍ ബൊല്‍സൊനാരോ ചെവിക്കൊണ്ടിരുന്നില്ല. മാത്രമല്ല അത്തരം നിർദ്ദേശങ്ങൾക്ക് എതിരായിട്ടായിരുന്നു പ്രസിഡൻ്റിൻ്റെ നിലപാട്.
കൊവിഡ്-19 നെതിരെ ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ച സുരക്ഷാ മുന്‍കരുതലുകളെ ബൊല്‍സൊനാരോ നേരത്തെ തന്നെ എതിര്‍ത്തിരുന്നു. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുകയും വീടിനുള്ളില്‍ കഴിയണമെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ബൊല്‍സൊനാരോ ഇത് അംഗീകരിച്ചിരുന്നില്ല.
ഒപ്പം കൊവിഡ്-19 ചികിത്സയ്ക്കായി ബൊല്‍സൊനാരോ മുന്നോട്ട് വെച്ച അശാസ്ത്രീയ ചികിത്സാ രീതികളെ ആരോഗ്യ മന്ത്രി എതിര്‍ത്തിരുന്നു. ആഗോളതലത്തില്‍ സ്വീകരിച്ചിട്ടുള്ള ചികിത്സാ രീതികള്‍ മാത്രം പിന്തുടരാനായിരുന്നു ലൂയിസ് ഹെന്റിക് നിര്‍ദ്ദേശിച്ചത്. ഗവര്‍ണര്‍മാര്‍ സ്വീകരിച്ച ലോക്ഡൗണ്‍ നടപടികളെ ഇദ്ദേഹം പ്രശംസിച്ചപ്പോള്‍ ബൊല്‍സൊനാരോ അതിനെ എതിര്‍ക്കുകയാണുണ്ടായത്.
ഞായറാഴ്ച ഒരു ടെലിവിഷന്‍ ചാനലിനു ആരോഗ്യമന്ത്രി നല്‍കിയ അഭിമുഖത്തിനു ശേഷമാണ് ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമായത്. സര്‍ക്കാര്‍ ഈ പ്രതിസന്ധിഘട്ടത്തില്‍ ഒരേ ശബ്ദത്തില്‍ സംസാരിക്കണം എന്ന പരാമര്‍ശം ഇദ്ദേഹം ചാനലില്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെ ബൊല്‍സൊനാരോ ആരോഗ്യമന്ത്രിയെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ലോകത്താകെ തീവ്ര വലത് ചിന്താഗതിക്കാരായ രാഷ്ട്ര നേതാക്കൾ ജനങ്ങൾക്ക് ഹാനികരമാകുന്ന തീരുമാനങ്ങളാണ് കൊറോണ പടരുന്ന സാഹചര്യത്തിലും കൈക്കൊള്ളുന്നത്. ജനങ്ങളാകെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ജീവിക്കുന്നത്.
