മുന്നറിയിപ്പുകള്‍ പലതും അവഗണിച്ച ലോക രാജ്യങ്ങള്‍ ഇന്ന് കാട്ടുതീ പോലെ പടരുന്ന മാഹാമാരിയില്‍ നിന്ന് രക്ഷ നേടാന്‍ നെട്ടോട്ടമോടുകയാണ്. രാജ്യങ്ങളുടെ സാമ്പത്തീക സ്ഥിതിയാകെ തകര്‍ത്ത് തരിപ്പണമാക്കി ആയിരകണക്കിന് പേരുടെ മരണത്തിനിടയാക്കിയാണ് കോവിഡ് 19 സംഹാര താണ്ഡവം തുടരുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 7,84,000 ത്തോളം പേര്‍ കൊറോണയുടെ പിടിയിലാണ്. 38,000 പേരാണ് ഇതുവരെ മരണത്തിനു കീഴടങ്ങിക്കഴിഞ്ഞത്. എന്നാല്‍ ചെറിയ ഒരംശംമാത്രമാണ് ഇപ്പോള്‍ രോഗികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടികാട്ടുന്നു. ഭൂരിപക്ഷം പേരും പരിശോധനകളില്‍ ഉള്‍പ്പെടാതെ രോഗവാഹകരായി തുടരുകയാണെന്നുള്ളതാണ് ഞെട്ടിയ്ക്കുന്ന വസ്തുത. അത് കൊണ്ട് തന്നെ വരു ദിവസങ്ങള്‍ ഭീതിജനകമായ വാര്‍ത്തകളായിരിക്കും പുറത്ത് വരിക.
എല്ലാ കൊണ്ടും ലോകത്തെ വെല്ലുവിളിക്കാവുന്ന വമ്പന്‍ ശക്തിയായി മാറിയ അമേരിക്കയാണ് കോവിഡ് ഭീതിയില്‍ ഏറെ പ്രതിസന്ധയിലായ രാജ്യമെന്നതാണ് വിരോധാഭാസം. 1,63,479 ല്‍ എത്തിനില്‍ക്കുകയാണ് അമേരിക്കയിലെ മൊത്തം രോഗബാധിതരുടെ എണ്ണം. 3,148 മരണങ്ങളും ഇതുവരെ രേഖപ്പെടുത്തിക്കഴിഞ്ഞു. സമഗ്ര വികസനം എന്ന ഒബാമയുടെ നയത്തില്‍ നിന്നും വ്യതിചലിച്ച് കേവലം സാമ്പത്തിക വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചതാണ് അമേരിക്കയുടെ ഈ ദുരന്തത്തിന് കാരണമെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നുകഴിഞ്ഞു.ചികിത്സാ ചെലവ് ഏറ്റവുമധികമുള്ള അമേരിക്കയില്‍, പാവപ്പെട്ടവര്‍ക്ക് കൂടി ചികിത്സ ലഭ്യമാക്കുവാന്‍ നടപ്പിലാക്കിയ ഒബാമ കെയര്‍ എന്ന പദ്ധതി സാമ്പത്തിക നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് നിര്‍ത്തലാക്കിയത്, രോഗവ്യാപനത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ പരിശോധനക്ക് വിധേയരാകുന്നതില്‍ നിന്ന് പലരേയും പിന്തിരിപ്പിച്ചു .
ലോകത്തിലെ മറ്റൊരു വികസിത രാജ്യമായ ഇറ്റലിയാണ് കോവിഡ് 19 മരണനിരക്കില്‍ മുന്നിട്ട് നില്‍ക്കുന്നത്. യൂറോപ്പിലെ മൂന്നാമത്തെ സാമ്പത്തികശക്തിയായ ഇറ്റലിയില്‍ ഇതുവരെ 11,591 പേര്‍ മരണമടഞ്ഞപ്പോള്‍ 1,01,739 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇറ്റലിയിലെ ജീവിതശൈലിയും മറ്റും ഈ വ്യാപനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുവാനുള്ള കാരണമായി പറയുന്നുണ്ടെങ്കിലും അടിസ്ഥാന ആരോഗ്യ സംരക്ഷണമേഖലയെ അവഗണിച്ചത് തന്നെയാണ് പ്രധാന കാരണം. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെ പലര്‍ക്കും ആവശ്യമായ ചികിത്സപോലും ലഭിക്കാത്ത നിലയായി. അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വെന്റിലേറ്റര്‍ നിഷേധിക്കേണ്ട സാഹചര്യം പോലും വന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് 15 വരെ ലോകത്തിലെ കൊറോണാ ബാധിതരില്‍ പകുതിയിലേറെപേര്‍ ചൈനയിലായിരുന്നു എങ്കില്‍, രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ ചൈനയിലുള്ളത് രോഗ ബാധിതരില്‍ 11 ശതമാനം മാത്രം. ചൈനയില്‍ എന്തെങ്കിലും അദ്ഭുതം നടക്കുകയോ, രോഗബാധിതര്‍ പെട്ടെന്ന് സുഖപ്പെടുകയോ ചെയ്തിട്ടല്ല ഇത് സംഭവിച്ചത് മറിച്ച്, ലോകത്തിന്റെ മറ്റ് മേഖലകളില്‍ വ്യാപനത്തിന്റെ തോത് ക്രമാതീതമായി വര്‍ദ്ധിച്ചതാണ് ഇതിന് കാരണമായത്.
അതീവ ഗുരുതരമായ ഈ മഹാമാരിയുടെ ശക്തി വേണ്ട സമയത്ത് വേണ്ടതുപോലെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനായില്ല എന്നതാണ് വികസിത രാജ്യങ്ങള്‍ക്ക് സംഭവിച്ച വീഴ്ച്ചയെങ്കില്‍, ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ അഭാവമുള്‍പ്പടെ പല ഇല്ലായ്മകളുമാണ് മൂന്നാം ലോകരാഷ്ട്രങ്ങളെ നിസ്സഹായരാക്കുന്നത്. പല ആഫ്രിക്കന്‍ രാജ്യങ്ങളും ഈ മഹാമാരിയുടെ പ്രഹരണശേഷി അനുഭവിക്കുവാന്‍ ആരംഭിച്ചിട്ടേയുള്ളു. ഈ സമയത്ത് അതിനെ തടയുവാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അനന്തരഫലം ഊഹിക്കുവാന്‍ പോലും കഴിയാത്തത്ര ഭീകരമായിരിക്കും എന്നതില്‍ സംശയമൊന്നുമില്ല.
ലോകമാസകലം 350 കോടി ജനങ്ങള്‍ തുറിച്ചുനോക്കുന്ന മരണത്തെ ഭയപ്പെട്ട് വീടുകളില്‍ അടച്ചുമൂടി കഴിയുന്നു. ജനസംഖ്യയില്‍ ഏറ്റവും വലിയ രണ്ടാമത്തെ രാഷ്ട്രമായ ഇന്ത്യപോലും ഏതാണ്ട് നിശ്ചലമായിരിക്കുകയാണ്. 130 കോടി ജനങ്ങളില്‍ ഏറെപ്പേരും മരണഭയത്തോടെ വീടുകള്‍ക്കുള്ളില്‍ കഴിയുമ്പോള്‍, സുരക്ഷിതമായ ഇടത്തെത്താനായി ചിലരുടെ പലായനം ഇനിയും തുടരുകയാണ്. ഭക്ഷ്യ ക്ഷാമം ആരംഭിച്ചിട്ടില്ല എന്നതുമാത്രമാണ് ചെറിയൊരു ആശ്വാസം.
പൂര്‍ണ്ണമായും തകര്‍ന്നിട്ടില്ലെങ്കിലും ഏതാണ്ട് അതിന്റെ അടുത്തെത്തിയിരിക്കുകയാണെന്നാണ് സ്പെയിനിന്റെ ഔദ്യോഗിക ഭാഷ്യം. ഈ മഹാമാരിയെ ചെറുത്തു തോല്പിച്ചാലും ജീവിതം സാധാരണ നിലയിലെത്താന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് ബ്രിട്ടനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യൂറോപ്പിലാകെ താണ്ഡവമാടുന്ന കോറോണയെ കുറച്ചെങ്കിലും ചെറുത്തു നില്‍ക്കാനാകുന്നത് ജര്‍മ്മനിക്ക് മാത്രമാണ്. സൗത്തുകൊറിയയുടെ മാതൃകയില്‍ വ്യാപക പരിശോധനക്ക് ഒരുങ്ങുകയാണ് വര്‍ദ്ധിപ്പിച്ച പ്രതിരോധ നടപടികളുടെ ഭാഗമായി ജര്‍മ്മനി. ഇതുവരെ 66,685 രോഗബാധിതരുള്ള ജര്‍മ്മനിയില്‍ മരണസംഖ്യ നാലക്കത്തില്‍ എത്തിയിട്ടില്ല എന്നത് അവരുടെ മികച്ച ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന്റെ ഫലം തന്നെയാണ്.
