രാജ്യത്ത് കൊവിഡ് എന്ന മഹാമാരി വിതച്ച ദുരിതത്തിൽ പൊറുതി മുട്ടി നിൽക്കുന്നതിനിടെയാണ് ബംഗാളിലും ഒഡിഷയിലുമായി ഉംപുൺ ചുഴലിക്കൊടുങ്കാറ്റ് കനത്ത നഷ്ടം വിതച്ചത്. അതുകൊണ്ടൊന്നും തീർന്നില്ല എന്ന മട്ടിൽ ഇതാ ഇപ്പോൾ ഏറ്റവും ഒടുവിലായി വെട്ടുകിളികളുടെ ആക്രമണം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വന്നെത്തിയിരിക്കുകയാണ്.
രാജ്യത്തെ ഭക്ഷ്യസുരക്ഷക്ക് കനത്ത വെല്ലുവിളിയുയർത്തിയാണ് വെട്ടുകിളിക്കൂട്ടങ്ങള്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്. രാജസ്ഥാനിലെ ജയ്പൂര്‍, മധ്യപ്രദേശിലെ ഗ്വാളിയോര്‍, മൊറേന, ശിവ്പൂര്‍, മഹാരാഷ്ട്രയിലെ അമരാവതി, നാഗ്പുര്‍, വാര്‍ധ എന്നിവിടങ്ങളിലാണ് വെട്ടുകിളിക്കൂട്ടങ്ങളെത്തിയത്. ശല്യം രൂക്ഷമായ രാജസ്ഥാനില്‍ അഗ്നിശമന സേനയുടെ സഹായത്താലാണ് രാത്രിയിൽ കീടനാശിനി തളിച്ച് ഇവയെ കൂട്ടത്തോടെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.
കാല്‍നൂറ്റാണ്ടു മുമ്പ് ഇത്തരമൊരു വെട്ടുകിളിഭീഷണി രാജസ്ഥാനിലുണ്ടായിരുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ഈ തരത്തിലൊന്ന് ജീവിതത്തിലാദ്യമായാണ് കര്‍ഷകര്‍ കാണുന്നതെന്ന് അജ്മീരിലെ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വിജയ കുമാര്‍ ശര്‍മ പറഞ്ഞു. 1362 ഹെക്ടര്‍ ഭൂമിയില്‍നിന്ന് ഈരീതിയില്‍ ഇവയെ തുരത്തിയെന്നും വെട്ടുകിളിശല്യം അജ്മീരില്‍ ഏറക്കുറെ നിയന്ത്രണവിധേയമാക്കിയെന്നും ശര്‍മ പറഞ്ഞു.
ജൂലൈ മുതല്‍ ഒക്ടോബര്‍വരെയുള്ള മാസങ്ങളിലാണ് വെട്ടുകിളികള്‍ മുന്‍കാലങ്ങളില്‍ വന്നിരുന്നത്. എന്നാല്‍, ഈ വര്‍ഷം ഏപ്രില്‍ 11നുതന്നെ രാജസ്ഥാനിലെ ജയ്സല്‍മീറിലും ഗംഗനഗറിലും ഇവയെ കണ്ടതായി കേന്ദ്ര കൃഷിമന്ത്രാലയത്തിെൻറ വെട്ടുകിളി മുന്നറിയിപ്പ് സംഘടന (എല്‍.ഡബ്ല്യു.ഒ)യിലെ ശാസ്ത്രജ്ഞര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മധ്യപ്രദേശിലെ 12 ജില്ലകളിലായി 8000 കോടിയിലധികം നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. രാജസ്ഥാനിലെ 18 ഉം ഉത്തര്‍ പ്രദേശിലെ 17 ഉം ജില്ലകളിൽ വെട്ടുകിളി ആക്രമണമുണ്ടായി. ഗുജറാത്ത് ,പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലേക്കും എത്തി. തുടർന്ന് ഡൽഹിയിലേക്ക് നീങ്ങിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഡൽഹിയിൽ പച്ചപ്പ് ഏറെയുള്ളതിനാൽ വെട്ടു കളികൾക്ക് അനുകൂലമായ സാഹചര്യം ഉണ്ടാകും എന്ന് കർഷകർ ഭയപ്പെട്ടിരുന്നു. എന്നാൽ കാറ്റിന്‍റെ ദിശ മാറിയതിനാൽ ഡൽഹിയിലേക്ക് പ്രവേശിക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.
ഡ്രോണുകൾ, ഫയർ ടെൻഡറുകൾ, സ്പ്രേയറുകൾ എന്നിവ ഉപയോഗിച്ച് 47000 ഹെക്ടർ ഭൂമിയിൽ കീടനാശിനി പ്രയോഗം നടത്തിയെന്ന് കൃഷി മന്ത്രാലയം അറിയിച്ചു. മരുന്നടിക്കാൻ കൂടുതൽ ഡ്രോണുകൾക്കായി കരാർ ക്ഷണിച്ചിട്ടുണ്ട്.
