മഹാമാരി രാജ്യത്തെ വരിഞ്ഞ് മുറുക്കുമ്പോഴും രാമക്ഷേത്ര നിർമ്മാണത്തിന് മുൻഗണന നൽകിയാണ് ബിജെപി സർക്കാർ മുന്നോട്ട് പോകുന്നത്. ക്ഷേത്രത്തിൻ്റെ നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം അടുത്തമാസം നടത്താനാണ് സർക്കാർ തീരുമാനം.
ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവതും ചടങ്ങില്‍ സന്നിഹിതനാകുമെന്നും റിപ്പോർട്ടുണ്ട്. നരേന്ദ്ര മോദിക്കു പങ്കെടുക്കാന്‍ കഴിയുന്ന വിധത്തില്‍ ഉദ്ഘാടനച്ചടങ്ങിന്റ തീയതി തീരുമാനിക്കാനാണ് ക്ഷേത്ര നിര്‍മാണ ട്രസ്റ്റ് തീരുമാനിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച് അയോധ്യയില്‍ ട്രസ്റ്റിന്റെ നിര്‍ണായക യോഗം ഇന്ന് നടക്കും. ക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാനും നരേന്ദ്ര മോദിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നൃപേന്ദ്ര മിശ്ര യോഗത്തില്‍ പങ്കെടുക്കും. പ്രധാനമന്ത്രിക്ക് സ്വീകാര്യമായ തീയതി അദ്ദേഹം യോഗത്തില്‍ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഉദ്ഘാടനച്ചടങ്ങിലേക്കു ക്ഷണിച്ചുകൊണ്ട് മോദിക്ക് നേരത്തേ തന്നെ ട്രസ്റ്റ് സന്ദേശം അയച്ചിരുന്നു. ഓഗസ്റ്റില്‍ തന്നെ ക്ഷേത്ര നിര്‍മാണം തുടങ്ങാനാണ് പദ്ധതി.
ഉത്തർപ്രദേശിൽ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 24 മണിക്കൂറിൽ 1733 പുതിയ രോഗികളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1084 മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ യോഗി സർക്കാർ ശരിയായ കണക്കുകൾ പുറത്ത് വിടുന്നില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
