മലേറിയ മരുന്നിനുള്ള കയറ്റുമതി വിലക്ക് നീക്കിയ സംഭവത്തിൽ മോദിയെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. എന്നാൽ മോദിയെ പേടിത്തൊണ്ടൻ എന്ന് വിശേഷിപ്പിക്കുന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രൻഡിംഗായി.
രാജ്യങ്ങൾക്കിടയിൽ നടക്കുന്ന അസാധാരണ സംഭവത്തിനാണ് കഴിഞ്ഞ രണ്ട് ദിവസങ്ങൾ സാക്ഷ്യം വഹിച്ചത്. കൊവിഡ് 19നെ പ്രതിരോധിക്കുന്നതിനായ് അമേരിക്ക മലേറിയ മരുന്ന് ഇന്ത്യയോട് ആവശ്യപ്പെടുകയും, നിരസിച്ചാൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ട്രംപിൻ്റെ ഭീഷണി സ്വരം വാർത്തയായതിന് പിന്നാലെ മലേറിയ മരുന്നിൻമേലുള്ള വിലക്ക് കേന്ദ്രം നീക്കുകയായിരുന്നു. ശേഷം ഫോക്സ് ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് മോദിയെ പുകഴ്ത്തിയത്. മോദി മഹാനാണെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്.
29 മില്യൺ ഡോസ് മലേറിയ മരുന്ന് ലഭിച്ചു. ഞാൻ മോദിയോട് സംസാരിച്ചതിനെ തുടർന്ന് മരുന്നെത്തി. ഇന്ത്യക്ക് ആവശ്യമുള്ളതിനാലാണ് മരുന്ന് കയറ്റുമതി നിയന്ത്രിച്ചത്. അത് ഗുണകരമായെന്നും ട്രംപ് വ്യക്തമാക്കി. ഞാൻ മോശം വാർത്തകൾ കേൾക്കുന്നില്ല. നല്ല വാർത്തകൾ മാത്രമാണ് കേൾക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
എന്നാൽ ട്രംപിൻ്റെ ഭീഷണിയെത്തുടർന്ന് വിലക്ക് നീക്കിയ മോദി സർക്കാരിൻ്റെ നടപടി രാജ്യത്തിന് തന്നെ അപമാനമാണെന്ന് ട്വിറ്ററിൽ ചർച്ച ഉയരുകയായിരുന്നു. ‘ഡർപോക്_മോദി’ (പേടിത്തൊണ്ടൻ മോദി) എന്ന ഹാഷ് ടാഗിലാണ് ചർച്ച. ഈ ഹാഷ്ടാഗ് ട്രൻഡിംഗായി.
