ബാബരി മസ്ജിദിനെ ഇന്ത്യയുടെ ചരിത്രത്തിന്റെ മറവിയുടെ ആഴങ്ങളിലേയ്ക്ക് വീഴാന്‍ അനുവദിക്കില്ലെന്ന് അസദുദ്ദീന്‍ ഉവൈസി എം പി. വരും തലമുറയോടും നീതിയില്‍ വിശ്വസിക്കുന്ന ഇന്ത്യന്‍ ജനതയോടും താന്‍ അതേകുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ചാനല്‍ ചര്‍ച്ചയിലാണ് തന്റെ നിലപാട് എം പി വ്യക്തമാക്കിയത്.
‘നിയമപരമായി സുപ്രിം കോടതിയില്‍ നിന്നും കേസില്‍ വിധി വന്നിട്ടുണ്ടാവാം. എന്നാല്‍ ഞാന്‍ ജീവിച്ചിരിക്കുന്ന കാലം വരെ ഈ എപിസോഡ് അവസാനിക്കില്ല. എന്റെ കുടുംബത്തോടും എന്റെ ആളുകളോടും ഈ രാജ്യത്തെ ജനങ്ങളോടും തുടങ്ങി നീതിയില്‍ വിശ്വസിക്കുന്ന ഓരോരുത്തരോടും 1992 ഡിസംബര്‍ ആറിലെ ചരിത്രം ഞാന്‍ പറഞ്ഞു കൊണ്ടേയിരിക്കും. അവിടെയൊരു മസ്ജിദ് ഉണ്ടായിരുന്നെന്നും, അത് തകര്‍ക്കപ്പെട്ടെന്നും. പള്ളി തകര്‍ക്കപ്പെട്ടിട്ടില്ലായിരുന്നെങ്കില്‍ ഒരിക്കലും ഈ പ്രവൃത്തി (രാമക്ഷേത്രത്തിന്റെ ഭൂമി പൂജ) നടത്തേണ്ട സ്ഥിതി വരില്ലായിരുന്നു’ -ഉവൈസി പറഞ്ഞു.
ആഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ നടക്കാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ ഭൂമി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി പങ്കെടുക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ല. കാരണമെന്താണ്? കാരണം ഇന്ത്യന്‍ പ്രധാനമന്ത്രിക്കോ സര്‍ക്കാരിനോ ഒരു മതവുമില്ല. ഇന്ത്യന്‍ സര്‍ക്കാരിന് ഏതെങ്കിലും മതമുണ്ടോ? ഇല്ല. ഈ രാജ്യത്തിന് മതമുണ്ടോ? ഇല്ല,’ അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ആയിട്ടല്ല, വ്യക്തിപരമായി ആണ് താന്‍ ചടങ്ങില്‍ പങ്കെടുക്കുന്നതെന്ന് അദ്ദേഹം രാജ്യത്തെ ജനങ്ങളോട് പറയണം. മാത്രമല്ല ചടങ്ങ് ലൈവായി ടെലികാസ്റ്റ് ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പ്രധാനമന്ത്രി ഭൂമി പൂജന്‍ ചടങ്ങില്‍ പങ്കെടുക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ഉവൈസി കഴിഞ്ഞ ദിവസം ചൂണ്ടികാട്ടിയിരുന്നു.
