രാജ്യത്ത് കുടിയേറ്റ തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതങ്ങളുടെ മുഖമായി മാറിയ ഒരുവയസ്സുള്ള കുഞ്ഞിനെ പ്രമുഖ ബോളീവുഡ് താരം ഷാരൂഖ് ഖാൻ ഏറ്റെടുത്തു. അമ്മ മരിച്ചതറിയാതെ ഉണർത്താൻ ശ്രമിച്ച് കണ്ണീർ ചിത്രമായ കുഞ്ഞിനെയാണ് താരം ഏറ്റെടുത്തത്.
ബീഹാറിലെ മുസഫർപുർ റെയിൽവേസ്റ്റേഷനിൽ അമ്മ മരിച്ചതറിയാതെ ഉണർത്താൻ ശ്രമിക്കുന്ന കുഞ്ഞിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ കുഞ്ഞിന് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മീർ ഫൗണ്ടേഷൻ. കുഞ്ഞിനെയും കുടുംബത്തെയും കണ്ടെത്താൻ സഹായിച്ചതിൽ സോഷ്യൽമീഡിയയ്ക്ക് നന്ദി പറഞ്ഞ് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു.
‘ആ കുഞ്ഞിനെ അറിയാൻ സഹായിച്ച എല്ലാവർക്കും നന്ദി. ഏറ്റവും നിർഭാഗ്യകരമായ നഷ്ടത്തിൽനിന്നും മോചിതനാകാനുള്ള കരുത്ത് അവനുണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുകയാണ്. അവന്റെ വേദന എനിക്ക് മനസിലാവും. ഞങ്ങളുടെ സ്‌നേഹവും പിന്തുണയും നിനക്കൊപ്പമുണ്ട് കുഞ്ഞേ’, ഷാരൂഖ് ട്വീറ്റ് ചെയ്തു.
കുട്ടിയെ കണ്ടെത്തിയ വിവരം അറിയിച്ച് മീർ ഫൗണ്ടേഷനും രംഗത്തെത്തി. ‘ഈ കുഞ്ഞിലേക്ക് എത്താൻ ഞങ്ങളെ സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. അമ്മയെ ഉണർത്താൻ ശ്രമിക്കുന്ന കുഞ്ഞിന്റെ വീഡിയോ അത്രത്തോളം ഹൃദയഭേദകമായിരുന്നു. ഞങ്ങൾ അവനെ സഹായിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മുത്തച്ഛന്റെ കൂടെയാണ് കുട്ടിയിപ്പോൾ ഉള്ളത്’, മീർ ഫൗണ്ടേഷൻ ട്വീറ്റ് ചെയ്തു.
