അമേരിക്കയെ ഭയപ്പെടുത്തി മുന്നോട്ട് പോകുകയാണ് കൊവിഡ് മഹാമാരി. ഒറ്റദിവസം 1900 ജീവനുകൾ അപഹരിച്ചുകഴിഞ്ഞു. എന്നാൽ ഭയപ്പെട്ട അത്രയും മരണം ഉണ്ടായില്ലെന്നും രോഗ നിയന്ത്രണം ശരിയായ ദിശയിലാണു മുന്നേറുന്നതെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.
മരണ മുനമ്പായി അതിവേഗം മാറുന്ന ന്യൂയോർകിൽ മരിച്ചവർക്ക് നിത്യനിദ്രയൊരുക്കാൻ ഇടമില്ലാതെ നഗരത്തിൻ്റെ ഒരു ഭാഗത്ത് കൂട്ടക്കുഴിമാടമൊരുക്കിയാണ് അധികൃതർ. കോവിഡ് ബാധിച്ച് മരിച്ച അനേകരെ ഒരുമിച്ചാണ് ന്യൂയോർക്ക് നഗരം അവസാന യാത്രയാക്കുന്നത്.
വലിയ മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ച് നീളത്തിൽ കുഴികളൊരുക്കി വാഹനങ്ങളിൽ മൃതദേഹങ്ങളെത്തിച്ച് ഒന്നിച്ച് സംസ്കരിക്കുന്നതിൻ്റെ വിഡിയോ ചിത്രങ്ങൾ വൈറലാണ്. ന്യൂയോർക് നഗരത്തിൽ ഉറ്റവരില്ലാതെ മരിക്കുന്നവരെ സംസ്കരിക്കാൻ മുമ്പ് ഉപയോഗിച്ചിരുന്ന ഹാർട് ദ്വീപാണ് ഒടുവിൽ കോവിഡ് ഇരകൾക്കും നിത്യനിദ്രക്ക് ഇടമായിമാറിയത്.
ലോകത്ത് മറ്റൊരു രാജ്യത്തും ഇല്ലാത്തത്ര പേരാണ് 24 മണിക്കൂറിനിടെ ന്യൂയോർകിൽ കോവിഡ് ബാധിച്ച് മരിക്കുന്നത്. രോഗം പടരുന്നത് കുറഞ്ഞുവെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും മരിക്കുന്നവരുടെ എണ്ണം കുത്തനെ കുതിക്കുന്നത് നഗരത്തിലെ ഓരോ പൗരനെയും വിദേശിയെയും മുൾമുനയിൽ നിർത്തുകയാണ്. ഒരു നിലക്കും പിടിച്ചുനിർത്താനാവാത്ത വിധമാണ് രോഗ ബാധിതരുടെ എണ്ണം പടർന്നു കയറുന്നത്.
