വടക്കു കിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ കലാപത്തില്‍ രൂക്ഷ വിമര്‍ശനവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മരണത്തിന്റെ മനുഷ്യത്വരഹിതമായ നൃത്തമാണ് ഡൽഹി കലാപത്തില്‍ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരായ വിമർശനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഈ അക്രമങ്ങള്‍ കണ്ടാല്‍ കാലന്‍ പോലും രാജിവെച്ച് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ശിവസേന മുഖപത്രമായ സാമ്‌നയില്‍ റോക് ത്തോക്ക് എന്ന കോളത്തിലാണ് അദ്ദേഹം കലാപത്തെ രൂക്ഷമായി വിമര്‍ശിച്ചത്. നിഷ്‌കളങ്കരായ ഹിന്ദു-മുസ്ലീം കുട്ടികള്‍ കലാപത്തില്‍ അനാഥരമായി. ഹൃദയം തകര്‍ക്കുന്ന രീതിയിലുള്ള അക്രമങ്ങള്‍ അരങ്ങേറിയെന്നും റാവത്ത് പറഞ്ഞു.
ഇന്നത്തെ രാഷ്ട്രീയത്തില്‍ മനുഷ്യത്വം കുറവാണെന്നുപറഞ്ഞ റാവത്ത് പരോക്ഷമായി അമിത് ഷായുടെ രാജി ആവശ്യപ്പെടുകയും ചെയ്തു. രാഷ്ട്രീയത്തിന് മനുഷ്യത്വം നഷ്ടപ്പെടുമ്പോള്‍ അതില്‍ നിന്ന് ക്രൂരമായ മതപരമായ ഉന്മാദമുണ്ടാവും. അതില്‍ നിന്നാണ് പുതിയ ദേശീയബോധം ജനിക്കുന്നത്. ആ ദേശീയത നമ്മുടെ രാജ്യത്തെ ബാക്കിയുള്ള ജനങ്ങളെയും കൊല്ലുമെന്ന് റാവത്ത് കുറ്റപ്പെടുത്തി. കലാപത്തില്‍ വിവിധ മതങ്ങളിലുള്ള കുട്ടികള്‍ അനാഥരായതാണ് ഏറ്റവും വേദനിപ്പിക്കുന്നതെന്ന് റാവത്ത് കുറിച്ചു.
അതേസമയം ഡൽഹി കലാപത്തിന്റെ മുഖമായി ലോക വ്യാപകമായി പങ്കുവെച്ച മുദാസര്‍ ഖാന്റെ മകന്റെ ചിത്രം നെഞ്ചുപിളര്‍ക്കുന്നതാണെന്നും റാവത്ത് പറഞ്ഞു. നേരത്തെ പിതാവിന്റെ മൃതദേഹത്തിന് സമീപം നിന്ന് കരയുന്ന ആണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആരാണ് 50 പേരുടെ ജീവനെടുത്ത അക്രമത്തിന് പിന്നിലുള്ളത്. 50 എന്നത് ഒരു നമ്പര്‍ മാത്രമാണ്. യഥാര്‍ത്ഥ മരണ സംഖ്യ എത്രയോ മുകളിലാണ്. അഞ്ഞൂറോളം പേരാണ് മാരകമായി പരിക്കേറ്റിട്ടുള്ളവരായിട്ടുള്ളത്. അനാഥരായി തെരുവില്‍ നിന്ന് കരയുന്ന കുട്ടികളുടെ മുഖത്ത് നോക്കിയ ശേഷവും ഹിന്ദു മുസ്ലീം എന്ന വേര്‍തിരിവ് നിങ്ങള്‍ക്ക് മനസ്സിലുണ്ടെങ്കില്‍ അത് മനുഷ്യത്വത്തിന്റെ അന്ത്യമാണെന്നും റാവത്ത് കുറ്റപ്പെടുത്തി.
