രണ്ടാം മോദി സർക്കാർ ഉടൻ തന്നെ മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ ശ്രമമെന്ന് റിപ്പോർട്ട്. മന്ത്രിസഭയിൽ വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ബജറ്റ് സമ്മേളനത്തിന് മുമ്പ് പുനസംഘടിപ്പിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അത് സാധിച്ചില്ലായിരുന്നു.
ധനമന്ത്രി നിർമ്മല സീതാരാമനെ തത്സ്ഥാനത്ത് നിന്ന് മാറ്റിയേക്കും. പുതിയ മന്ത്രിമാരായി ഘടക കക്ഷികളിലെ എംപിമാർക്ക് പുറമേ രാജ്യത്തെ അറിയപ്പെടുന്ന സാങ്കേതിക വിദഗ്ധരെക്കൂടി ഉൾപ്പെടുത്താനാണ് സർക്കാർ ശ്രമം നടത്തുന്നത്. ബ്രിക്സ് ബാങ്ക് ചെയർമാൻ എംവി കാമത്ത്, രാജ്യസഭാ എംപി സ്വപൻ ദാസ് ഗുപ്ത, നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അമിതാഭ് കാന്ത് എന്നിവര്‍ മന്ത്രിസഭയില്‍ ഇടം പിടിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഴിഞ്ഞ മന്തിസഭയില്‍ അംഗമായിരുന്ന സുരേഷ് പ്രഭുവിനെ വീണ്ടും മന്ത്രിസഭയില്‍ അംഗമാക്കിയേക്കുമെന്ന അഭ്യൂഹവും ശക്തമാണ്. എസിഐസിഐ ബാങ്കിന്റെ നോൺ എക്സിക്യൂട്ടീവ് ചെയർമാനും ഇൻഫോസിസ് ചെയർമാനുമായിരുന്നു എംവി കാമത്ത്. ധനകാര്യ സഹമന്ത്രി സ്ഥാനത്തേക്കാണു കാമത്തിനെ പരിഗണിക്കുന്നതെന്നാണ് സൂചന.
