മധ്യപ്രദേശ് രാഷ്ട്രീയ നാടകത്തിൽ വീണ്ടും വഴിത്തിരിവ്. കോൺഗ്രസ് ഭരണത്തിന് അവസാനമാകും എന്ന് കരുതിയിരിക്കെയാണ് വിശ്വാസവോട്ടെടുപ്പ് ഇന്ന് നടത്തില്ല എന്ന റിപ്പോർട്ട് വരുന്നത്. ഇന്ന് തന്നെ നടത്തണമെന്ന ഗവർണറുടെ നിർദ്ദേശം തള്ളിയിരിക്കുകയാണ് സ്പീക്കർ.
ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പമുള്ള വിമത എംഎൽഎ മാർ നേരിട്ട് രാജിക്കത്ത് നൽകാതെ വിസ്വാസവോട്ടെടുപ്പിൽ തീരുമാനം എടുക്കില്ലെന്ന നിലപാടാണ് സ്പീക്കർ സ്വീകരിച്ചിരിക്കുന്നത്. ഗവർണറെ ഉപയോഗിച്ച് ഭരണം പിടിക്കാമെന്ന ബിജെപിയുടെ സ്വപ്നത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
ഇതിനിടെ കൊവിഡിന്റെ പശ്ചാത്തലത്തിൽ രണ്ട് എംഎൽഎമാർക്ക് കൊവിഡ് 19 ലക്ഷണങ്ങളുണ്ടെന്ന വാദവും കോൺഗ്രസ് ഉയർത്തിയിരുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
നാളെയാണ് സംസ്ഥാനത്ത് വിശ്വാസ വോട്ടെടുപ്പ്. ഈ സാഹചര്യത്തിൽ ഭോപ്പാലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനം അവസാനിക്കുന്ന ഏപ്രിൽ 13 വരെ നിയന്ത്രണം തുടരും. അതിനിടെ രാജി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 16 വിമത എംഎൽഎമാർ സ്പീക്കർക്ക് കത്തെഴുതി.
സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ പൂര്‍ണ്ണ അധികാരമുണ്ടെന്ന ഭരണഘടനയിലെ വകുപ്പുകള്‍ ഉപയോഗിച്ചാണ് അടിയന്തരമായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണ്ണര്‍ ലാല്‍ജി ടണ്ടന്‍ ഉത്തരവിട്ടത്. കഴിഞ്ഞ രാത്രി 12 മണിയോടെ മുഖ്യമന്ത്രി കമല്‍നാഥിന് ഉത്തരവ്കൈമാറി. തന്‍റെ അഭിസംബോധനക്ക് ശേഷം നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണം. ബട്ടണ്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്തണം, മറ്റൊരു രീതിയും അംഗീകരിക്കില്ല. നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്നും ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിച്ചിരുന്നു.
22 എംഎല്‍എമാര്‍ രാജിവച്ചതോടെ നിയമസഭയിലെ അംഗസംഖ്യ 206 ആയി. കേവല ഭരിപക്ഷം 104 ആണെന്നിരിക്കേ 107 അംഗങ്ങളുള്ള ബിജെപിയുടെ നില ഭദ്രമാണ്. ബിഎസ്പി, സമാജ്‍വാദി പാര്‍ട്ടി അംഗങ്ങളുടെയും, സ്വതന്ത്രരുടെയും കൂടി പിന്തുണ കിട്ടിയാല്‍ തന്നെ കോണ്‍ഗ്രസിന്‍റെ അംഗബലം 99 ആകുന്നൂള്ളൂ. സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഉറപ്പായതോടെ ഏതാനും വിമതരേയും ബിജെപി അംഗങ്ങളെയും ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് കമല്‍നാഥെന്നാണ് സൂചന.
