മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ മറിച്ചിടാനാകില്ല. കോൺഗ്രസിനെ താഴെയിറക്കാൻ പയറ്റിയ ബിജെപി തന്ത്രം പാളിപ്പോയിരിക്കുന്നു. ‘ഹോട്ടൽ രാഷ്ട്രീയ’ത്തിലേക്ക് കടന്ന പത്ത് എംഎൽഎമാരിൽ ആറുപേരും തിരിച്ചെത്തി. ഇതോടെ ആത്മവിശ്വാസം വീണ്ടെടുത്തിരിക്കുകയാണ് കോൺഗ്രസ്.
അധികാരത്തിലേറി പതിനാല് മാസത്തിനിടെ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയിൽ നിന്നാണ് കോൺഗ്രസ് ഗവൺമെൻ്റിന് മോചനം ലഭിച്ചിരിക്കുന്നത്. 10 എംഎൽഎമാരാണ് ഒരു സുപ്രഭാതത്തിൽ ബിജെപി പക്ഷത്തേക്ക് ചാഞ്ഞത്. എന്നാൽ ഇന്നലെ രാത്രി പ്രശ്നത്തിന് പരിഹാരം കാണാൻ കോൺഗ്രസിന് കഴിഞ്ഞു എന്നുവേണം കരുതാൻ.
ആകെയുള്ള പത്ത് വിമത എംഎല്‍എമാരില്‍ 6 പേര്‍ തിരിച്ചെത്തിയതോടെ 230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ 117 പേരുടെ പിന്തുണ കോണ്‍ഗ്രസ് പക്ഷം ഉറപ്പിച്ചു. ശേഷിച്ച നാല് പേരെയും തിരികെ എത്തിക്കാനുള്ള നീക്കം പുരോഗമിക്കുന്നതായും ഉടന്‍ കോണ്‍ഗ്രസ് ക്യാമ്പ് 121 ആകുമെന്നും കോണ്‍ഗ്രസ് വക്താവ് പ്രതികരിച്ചു.
മന്ത്രിസഭാ പുനഃസംഘടന വേളയില്‍ പരിഗണിക്കാമെന്ന പാര്‍ട്ടിയുടെ ഉറപ്പിന് മുന്നിലാണ് ആറ് എംഎല്‍എമാരും വഴങ്ങിയത്. സര്‍ക്കാരിനേയോ പാര്‍ട്ടിയേയോ പ്രതിരോധത്തിലാക്കുകയോ മറിച്ചിടുകയോ തന്റെ ലക്ഷ്യം അല്ലെന്നും അത്തരം പ്രചരണം അവാസ്തവങ്ങളാണെന്നും ജ്യോതിരാധിത്യ സിന്ധ്യയും വ്യക്തമാക്കി.
