മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ വീഴ്ത്തി ബിജെപിയെ അധികാരത്തിലേറ്റാൻ കളംമാറിച്ചവിട്ടിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മന്ത്രിസഭയിൽ അപ്രമാദിത്വം. സുപ്രധാന വകുപ്പുകളിൽ പലതും സിന്ധ്യയ്ക്കൊപ്പം എത്തിയവർക്കാണ് നൽകിയിരിക്കുന്നത്.
റവന്യൂ, ആരോഗ്യം, ഊർജം, വനിതാ–ശിശുക്ഷേമം, ടൂറിസം, ഗതാഗതം എന്നീ വകുപ്പുകൾ നൽകിയാണ് സിന്ധ്യ ക്യംപിനോട് ബിജെപി വാക്കുപാലിച്ചത്. ഇതോടെ മധ്യപ്രദേശ് മന്ത്രിസഭാ അംഗങ്ങളുടെ എണ്ണം 33 ആയി.
ആരോഗ്യ വകുപ്പ് ചൗഹാന്റെ വിശ്വസ്തനായിരുന്ന നരോത്തം മിശ്രയില്‍നിന്നും മാറ്റി സിന്ധ്യയുടെ വിശ്വസ്തനായ ഡോ പ്രഭുറാം ചൗധരിക്ക് നല്‍കിയ തീരുമാനം വരും ദിവസങ്ങളിൽ ബിജെപിക്കകത്ത് അസ്വാരസ്യമുണ്ടാകും. റവന്യൂ വകുപ്പ് സിന്ധ്യ ക്യംപിന് നൽകുന്നതിൽ നേതാക്കൾക്ക് എതിർപ്പുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
സിന്ധ്യയുടെ നീക്കം വിജയിച്ചതോടെ ശിവരാജ് സിങ് ചൗഹാൻ സർക്കാരിൽ സിന്ധ്യ പക്ഷം കരുത്താർജിക്കുകയാണ്. 18 വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിച്ചാണ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നത്.
