മധ്യപ്രദേശിൽ ബിജെപിക്ക് വെല്ലുവിളിയുമായി ബിജെപി- ബിഎസ്പി നേതാക്കൾ കോൺഗ്രസിൽ; ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി ഉറപ്പായി

ഉപതെരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ ബിജെപിക്ക് വെല്ലുവിളിയുയർത്തി ബിജെപി ബിഎസ്പി നേതാക്കൾ കോൺഗ്രസിലേക്ക്. രാജിവച്ച് ബിജെപിയിൽ ചേർന്ന കോൺഗ്രസ് എംഎൽഎമാരുടെ സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്.

രണ്ട് പാർട്ടികളിൽ നിന്നുമായി അഞ്ഞൂറോളം പേരാണ് കോൺഗ്രസിലെത്തിയത്. ബിഎസ്പിയിലെ പ്രമുഖരായ 25 നേതാക്കളും ബിജെപി ജില്ലാ സെക്രട്ടറിയുടെയും നേതൃത്വത്തിലാണ് ഇവര്‍ കോണ്‍ഗ്രസിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രാഗി ലാല്‍ ജാദവ് ഉള്‍പ്പടെയുള്ളവരാണ് കോണ്‍ഗ്രസിലെത്തിയതെന്നത് ശ്രദ്ധേയമാണ്.

കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജിയെ തുടര്‍ന്ന് 16 മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഗ്വാളിയാര്‍, ചമ്പല്‍ മേഖലകളില്‍ നിന്നുള്ളവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഈ മേഖലകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് എന്നതാണ് ബിജെപിയെ സംബന്ധിച്ച വെല്ലുവിളി.

കരേര നിയമസഭാ മണ്ഡലത്തിലെ പ്രധാന ബിഎസ്പി നേതാവായ പ്രാഗിലാല്‍ ജാതവിന്‍റെ നേതൃത്വത്തില്‍ മുന്നൂറോളം പ്രവര്‍ത്തകരാണ് കോണ്‍ഗ്രസിലെത്തിയത്. ദാബ്രയിലെ ബിഎസ്പി നേതാവ് സത്യപ്രക്ഷി പര്‍സോദിയയുടെ നേതൃത്വത്തില്‍ 100ഓളം പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടു കോണ്‍ഗ്രസിലെത്തി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ദാബ്രയുമുണ്ട്.

ദാബ്രയിലെ ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി ദിനേഷ് ഖതിക്, കരേര മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദീപക് അഹിര്‍വാര്‍, മുന്‍ ഡെപ്യൂട്ടി കമ്മീഷണ്‍ പി.എസ് മന്ദ്‌ലോയി എന്നിവരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബുധിനി, റെയ്സെന്‍, സാഞ്ചി എന്നിവിടങ്ങളിലെ നേതാക്കളും കോണ്‍ഗ്രസിലെത്തി.

കോണ്‍ഗ്രസിലെത്തിയവര്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെ വീട്ടിലെത്തി കണ്ടു. തുടര്‍ന്ന് പിസിസി ഓഫീസിലെത്തി മുതിര്‍ന്ന നേതാക്കളായ സജ്ജന്‍ സിങ് വര്‍മ, പി സി ശര്‍മ, എന്‍ പി പ്രജാപതി തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള നേതാക്കളും എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ടതിനെ തുടര്‍ന്നാണ് മധ്യപ്രദേശില്‍ കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് രാജി വെക്കേണ്ടിവന്നത്. മധ്യപ്രദേശില്‍ സെപ്തംബറില്‍ ഉപതെരഞ്ഞെടുപ്പ് നടന്നേക്കും.

Vinkmag ad

Read Previous

എല്ലാ സർക്കാർ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അർധസർക്കാർ സ്ഥാപനങ്ങളും തിങ്കളാഴ്ച തുറക്കുന്നു; ഹോട്സ്പോട്ട്, കണ്ടെയിൻമെന്റ് മേഖലകൾക്ക് ക്രമീകരണം

Read Next

മൂന്നിലൊന്ന് പേർക്കും കോവിഡ് 19: ഐസിഎംആർ പഠന റിപ്പോർട്ട്

Leave a Reply

Most Popular